കോൾപടവിലെ മത്സ്യകൃഷി: ചെറിയകുഞ്ഞുങ്ങളെ തിരിച്ചയച്ചു
1573657
Monday, July 7, 2025 2:16 AM IST
പുന്നയൂർക്കുളം: പരൂർ പടവ് കോൾപടവിൽ ഒരു നെല്ലും ഒരു മീനും പദ്ധതിക്കു തുടക്കമായി. മാഞ്ചിറ പാടത്ത് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് എൻ.കെ. അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഇതിനിടെ, നിക്ഷേപിക്കാൻ കൊണ്ടുവന്ന മത്സ്യക്കുഞ്ഞുങ്ങൾ തീരെ ചെറിയ കുഞ്ഞുങ്ങളാണെന്ന കർഷകരുടെ പരാതിയെ ത്തുടർന്ന് തിരിച്ചയച്ചു. എറണാകുളത്തെ ഹാച്ചറിയിൽ നിന്നാണ് മൂന്നുലക്ഷം കുഞ്ഞുങ്ങളെ വലിയ വീപ്പകളിൽ എത്തിച്ചത്.
ഉദ്ഘാടന ചടങ്ങിന് നിശ്ചിത വലിപ്പമുള്ള കുഞ്ഞുങ്ങളെ പ്രത്യേകം കവറിൽ കൊണ്ടുവന്നിരുന്നു. ഉദ്ഘാടനം കഴിഞ്ഞ് എംഎൽഎ പോയപ്പോഴാണ് ബാക്കി കുഞ്ഞുങ്ങൾ ചെറുതാണെന്ന് അറിഞ്ഞത്. ഇതിനെ ഇറക്കാതെ കർഷകർ തിരിച്ചുവിട്ടു.
ഉദ്ഘാടന യോഗത്തിൽ പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ അധ്യക്ഷയായിരുന്നു. വാർഡ് മെമ്പർ ഹാജിറ, പടവ് കമ്മറ്റി പ്രസിഡന്റ് അബൂബക്കർ കുന്നംകാട്ടയിൽ, സെക്രട്ടറി ജബ്ബാർ, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.കെ. വിനോദ്, സിപിഎം ലോക്കൽ സെക്രട്ടറി താജുദ്ധീൻ തുടങ്ങിയവർ പ്രസംഗിച്ചു.
കട്ട്ല, റോഹ്, കാർപ്പ് എന്നിങ്ങനെ ആദ്യഘട്ടം മൂന്നുലക്ഷം കുഞ്ഞുങ്ങളെയാണ് പടവിൽ ഇറക്കുന്നത്. രണ്ടുഘട്ടമായി നാലുലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയാണ് പടവിൽ ഇറക്കുന്നത്.