കെഎസ്ആർടിസി സ്റ്റാൻഡ് നിർമാണത്തിനു ഗ്രീൻ സിഗ്നൽ: തൃശൂർതനിമയിൽ നിർമിക്കും: മന്ത്രി
1573908
Tuesday, July 8, 2025 1:19 AM IST
തൃശൂർ: കെഎസ്ആർടിസി ബസ് സ്റ്റാൻഡ് തൃശൂരിന്റ തനിമയോടെ നിർമിക്കുമെന്നു മന്ത്രി ഗണേഷ്കുമാർ. ഇതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായും അടുത്ത തിങ്കളാഴ്ച നിലവിലെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാനുള്ള ടെൻഡർപരസ്യം നൽകുമെന്നും മന്ത്രി അറിയിച്ചു. ടെൻഡർ നടപടികൾ പൂർത്തിയായാൽ 45 ദിവസത്തിനകം നിലവിലെ കെട്ടിടവും മുൻവശത്തുള്ള ഗാരേജും പൊളിച്ചുമാറ്റും. അല്ലെങ്കിൽ പിഴ ഉൾപ്പെടെ ഈടാക്കുമെന്നും സ്റ്റാൻഡ് സന്ദർശിച്ചശേഷം മന്ത്രി പറഞ്ഞു.
പി. ബാലചന്ദ്രൻ എംഎൽഎയുടെ ശ്രമഫലമായി നവകേരളസദസിൽനിന്ന് അനുവദിച്ചുകിട്ടിയ ഏഴുകോടി രൂപയും എംഎൽഎയുടെ ആസ്തിവികസനഫണ്ടിൽനിന്നുള്ള രണ്ടര കോടി രൂപയും ചേർത്ത് ഒൻപതര കോടി രൂപ ചെലവഴിച്ചാണു സ്റ്റാൻഡിന്റെ നവീകരണം തീരുമാനിച്ചിരിക്കുന്നത്. വെയ്റ്റിംഗ് റൂം അടക്കമുള്ള സൗകര്യങ്ങൾ ഉണ്ടാകും.
പെട്രോൾ പന്പിന് അനുവദിച്ച സ്ഥലം അധികമായതിനാൽ കുറച്ചുസ്ഥലം തിരികെയെടുത്തു ബസുകൾക്കു സ്റ്റാൻഡിലേക്കുള്ള പ്രവേശനവഴി വീതികൂട്ടും. ഇരുവശത്തുകൂടിയും ബസുകൾ സ്റ്റാൻഡിലേക്കു പ്രവേശിക്കുകയും നിലവിലെ വഴിയിലൂടെതന്നെ പുറത്തേക്കുപോവുകയുംചെയ്യും.
നിലവിലെ കെട്ടിടം പൊളിച്ചുമാറ്റി, കോർപറേഷൻ അനുവദിക്കുന്ന അത്രയും പിറകോട്ടുമാറ്റി മൂന്നുനിലയിലായാണ് ബസ് സ്റ്റേഷൻ പണിയുന്നത്. പഴയ ഗാരേജ് പൊളിച്ചുമാറ്റി പുതിയതുപണിയാൻ 50 ലക്ഷംകൂടി തരാമെന്ന് എംഎൽഎ സമ്മതിച്ചതായും മന്ത്രി പറഞ്ഞു.
സ്റ്റാൻഡിന്റെ നിർമാണം പൂർത്തിയാകുന്നതുവരെ ഇക്കണ്ടവാര്യർ റോഡിൽ പകരംസംവിധാനം ഒരുക്കുമെന്നു മന്ത്രി കെ.രാജൻ പറഞ്ഞു. തൃശൂരിന്റെ സാംസ്കാരികപൈതൃകം വിളിച്ചോതുന്നതായിരിക്കും സ്റ്റാൻഡിന്റെ ഡിസൈൻ. രണ്ടാംഘട്ടം എന്ന നിലയിൽ റെയിൽവേയെയും കെഎസ്ആർടിസിയെയും ബന്ധപ്പെടുത്തി സ്കൈവാക്ക് നിർമിക്കുമെന്നും മന്ത്രി രാജൻ പറഞ്ഞു. ഇതിന്റെ നിർമാണത്തിനു സ്വകാര്യപങ്കാളിത്തവും സിഎസ്ആർ ഫണ്ടും പ്രയോജനപ്പെടുത്തുമെന്നു മന്ത്രി ഗണേഷ്കുമാറും പറഞ്ഞു.
കെ എസ്ആർടിസിക്കു പുതിയ ബസുകൾ ഈ മാസംമുതൽ എത്തിത്തുടങ്ങും.
ജിപിഎസ് സംവിധാനം വരുന്നതോടെ ബസുകൾ എവിടെ എത്തിയെന്നറിയാനാകും. സ്റ്റാൻഡുകളിൽ പാർട്ടിക്കൊടി സ്ഥാപിക്കുന്നതിനോടു തനിക്കു വ്യക്തിപരമായി യോജിപ്പില്ലെന്നും ഇക്കാര്യം കോടതിയുടെ പരിഗണനയിലാണെന്നും മന്ത്രി ഗണേഷ്കുമാർ പറഞ്ഞു.
ചാടിക്കാതെ ഓടിച്ചാൽ
തകരാറുണ്ടാകില്ല: മന്ത്രി
തൃശൂർ: റോഡുകളിലെ കുഴികൾ സ്വാഭാവികമാണെന്നും അതിൽ ചാടിക്കാതെ വാഹനം ഓടിക്കാൻ അറിഞ്ഞാൽ തകരാറുകൾ ഇല്ലാതെ ഇരിക്കാമെന്നും മന്ത്രി ഗണേഷ്കുമാർ. പല ഡ്രൈവർമാരും അലക്ഷ്യമായി വാഹനം ഓടിക്കുന്നവരാണ്. കുഴികളിൽ ചാടിക്കാതെ ബ്രേക്ക് പിടിച്ച് പതുക്കെ കുഴികളിൽ ഇറക്കിയാൽ യാതൊരു പ്രശ്നവുമില്ലെന്നു മനസിലാക്കണം. പഴയകാലത്തെ അപേക്ഷിച്ച് സംസ്ഥാനത്തെ റോഡുകൾ മികച്ചതായെന്നും അദ്ദേഹം പറഞ്ഞു.
ജീവനക്കാർക്കു കൃത്യമായി ശന്പളം നൽകുന്നുണ്ട്. അതിനനുസരിച്ച് പണിയെടുക്കാനും അവർ തയാറാകണമെന്നു മന്ത്രി കൂട്ടിച്ചേർത്തു.