കുരുക്കൊഴിയാതെ കാളമുറി
1573917
Tuesday, July 8, 2025 1:19 AM IST
കാളമുറി: ദേശീയപാത 66ൽ കയ്പമംഗലം കാളമുറിയിൽ വീണ്ടും ഗതാഗതക്കുരുക്ക്. ഇന്നലെ പുലർച്ചെ തുടങ്ങിയ ഗതാഗതക്കുരുക്ക് വൈകുന്നേരവും തുടരുകയാണ്. ആംബുലൻസ് ഉൾപ്പെടെ എമർജൻസി വാഹനങ്ങളും ബസ് സർവീസുമെല്ലാം മണിക്കൂറുകളോളം കാത്തുകിടന്നാണ് കാളമുറി കടക്കുന്നത്. സർവീസ് റോഡിൽ കാനയുടെ സ്ലാബ് വീണ്ടും തകർന്നതാണ് പ്രധാനമായും ഗതാഗതം സ്തംഭിക്കാൻ കാരണം. സ്ലാബ് വീണ്ടും കോണ്ക്രീറ്റ് ചെയ്തിട്ടുണ്ടെങ്കിലും ബലപ്പെടുന്നതിനുമുന്പ് ഇതിലൂടെ വാഹനങ്ങൾ കടക്കാതിരിക്കാൻ തടസം വച്ചിരിക്കുന്നതാണ് കുരുക്ക് നീളാൻ കാരണം.
കയ്പമംഗലം 12ൽ നിന്നു കാളമുറിവരെ കിഴക്കേഭാഗത്തെ സർവീസ് റോഡ് പണികൾ പൂർത്തിയാക്കാത്തതും 12 മുതൽ കാളമുറി വഴി പനന്പിക്കുന്നുവരെ നിർദ്ദിഷ്ടപാതയിലെ പടിഞ്ഞാറെ സർവീസ് റോഡിലൂടെ ടൂ വേ അനുവദിച്ചിരിക്കുന്നതുമാണ് ഗതാഗതക്കുരുക്കും അപകടങ്ങളും വർധിക്കാൻ കാരണമാകുന്നതെന്നു പ്രദേശവാസികൾ പറയുന്നു. ജനങ്ങളെ ദുരിതത്തിലാക്കുന്ന ഗതാഗതപരിഷ്ക്കാരങ്ങൾ മാറ്റി പ്രശ്നപരിഹാരത്തിനു നടപടി സ്വീകരിക്കണമെന്നു യാത്രക്കാർ ആവശ്യപ്പെട്ടു.