സ്വകാര്യബസ് സമരം ജില്ലയിൽ പൂർണം
1574220
Tuesday, July 8, 2025 11:26 PM IST
തൃശൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് ബസുടമ സംയുക്തസമിതി നടത്തുന്ന സ്വകാര്യബസ് പണിമുടക്ക് ജില്ലയിൽ പൂർണം. പണിമുടക്ക് പൊതുജീവിതത്തെ കാര്യമായി ബാധിച്ചില്ല. പതിവിലേറെ സ്വകാര്യവാഹനങ്ങൾ നിരത്തിലിറങ്ങി. ഓഫീസുകൾക്കും സ്കൂളുകൾക്കും അവധിയില്ലാത്തതുകൊണ്ട് ജീവനക്കാരും വിദ്യാർഥികളും ഓഫീസുകളിലെത്താൻ കെഎസ്ആർടിസി-സ്വകാര്യവാഹനങ്ങളെ ആശ്രയിച്ചു.
ഇരുചക്രവാഹനങ്ങളും കാറുകളും ധാരാളമായി റോഡിലിറങ്ങിയതിനാൽ രാവിലെ ഓഫീസ് സമയത്തു റോഡുകളിൽ വലിയ തിരക്ക് അനുഭവപ്പെട്ടു. കെഎസ്ആർടിസി കൂടുതൽ സർവീസുകൾ ഹ്രസ്വദൂരയാത്രകൾക്ക് ഏർപ്പെടുത്തിയതു സഹായകമായി. നല്ല തിരക്കാണ് കെഎസ്ആർടിസി ബസുകളിൽ അനുഭവപ്പെട്ടത്.
ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെയും ദീർഘദൂരബസുകളുടെയും പെർമിറ്റുകൾ കൃത്യമായി പുതുക്കിനൽകുക, വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കുക, ബസ് തൊഴിലാളികൾക്കു പോലീസ് ക്ലിയറൻസ് നിർബന്ധമാക്കിയ നടപടി പിൻവലിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സ്വകാര്യ ബസുകൾ സർവീസ് നിർത്തിവച്ചത്. വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കുന്നതിൽ അടക്കം അനുകൂലതീരുമാനം ഇല്ലെങ്കിൽ 22 മുതൽ അനിശ്ചിതകാലസമരമെന്നു ബസുടമ സംയുക്തസമരസമിതി പ്രഖ്യാപിച്ചിട്ടുണ്ട്.
കേന്ദ്രസർക്കാരിനെതിരേ പത്തു തൊഴിലാളിസംഘടനകളുടെ ദേശീയപണിമുടക്ക് നടക്കുന്നതിനാൽ ഇന്നും സംസ്ഥാനത്തു സ്വകാര്യബസുകൾ സർവീസ് നടത്തില്ല. ദേശീയപണിമുടക്കിൽ പത്തു തൊഴിലാളിയൂണിയനുകൾ പങ്കെടുക്കുന്നതിനാൽ കെഎസ്ആർടിസി സർവീസുകളും മുടങ്ങാൻ സാധ്യതയുണ്ട്.