സംയുക്ത ട്രേഡ് യൂണിയൻ ദേശീയപണിമുടക്ക് ഒന്‍പതിന്
1573475
Sunday, July 6, 2025 7:08 AM IST
തൃശൂര്‍: കേന്ദ്രസർക്കാരിന്റെ തൊഴിലാളിദ്രോഹനയങ്ങൾക്കെതിരേ സംയുക്ത ട്രേഡ് യൂണിയൻ ദേശീയപണിമുടക്ക് ഒന്പതിനു നടക്കുമെന്നു ട്രേഡ് യൂണിയൻ സംയുക്തസമിതി ജില്ലാ സെക്രട്ടറി യു.പി. ജോസഫ്, കൺവീനർ കെ.ജി. ശിവാനന്ദൻ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
മേയ് 20നു പ്രഖ്യാപിച്ചിരുന്ന പണിമുടക്കാണ് പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഈ മാസം ഒന്‍പതിലേക്കു മാറ്റിയത്. പണിമുടക്കിനോടനുബന്ധിച്ചു ഏഴ്, എട്ട് തീയതികളിൽ പഞ്ചായത്തുതലത്തിൽ വിളംബരജാഥകളും പന്തംകൊളുത്തിപ്രകടനവും നടത്തും.
പണിമുടക്കുദിവസം രാവിലെ വിവിധ സ്ഥലങ്ങളിലെ കേന്ദ്രസർക്കാർ ഓഫീസുകളിലേക്കു തൊഴിലാളികൾ പ്രതിഷേധറാലി നടത്തും. അന്നേദിവസം കടകളടച്ചും യാത്ര ഒഴിവാക്കിയും എല്ലാവിഭാഗം ജനങ്ങളും പണിമുടക്കിനോടു സഹകരിക്കണമെന്നു നേതാക്കൾ അഭ്യർഥിച്ചു. ദേശീയതലത്തിൽ പ്രവർത്തിക്കുന്ന പത്തു ട്രേഡ് യൂണിയനുകളും ജീവനക്കാരുടെ ഫെഡറേഷനുകളും പണിമുടക്കിൽ പങ്കെടുക്കും. കർഷക, കർഷകത്തൊഴിലാളി, കേരള പത്രപ്രവർത്തക യൂണിയനുകളും പണിമുടക്കിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പത്രസമ്മേളനത്തിൽ കെഎസ്. ജോഷി, എം.കെ. തങ്കപ്പൻ, എ.എസ്. രാധാകൃഷ്ണൻ എന്നിവരും പങ്കെടുത്തു.