വെള്ളക്കെട്ട് ഒഴിയാതെ മനക്കൊടി - പുള്ള് റോഡ് : വാഹനയാത്ര നിലച്ചിട്ട് ഒരു മാസം
1574206
Tuesday, July 8, 2025 11:26 PM IST
അരിമ്പൂർ: മനക്കൊടി - പുള്ള് റോഡിൽ വെള്ളം കയറിക്കിടക്കുന്നതു കാരണം ഇതുവഴി ഗതാഗതം നിലച്ചിട്ട് ഒരു മാസത്തിലേറെയായി. പ്രധാന ചാലിൽ കുളവാഴയും കരിവാരി ചണ്ടിയും നിറഞ്ഞ് കിടക്കുന്നായതിനാൽ വെള്ളം ഒഴിഞ്ഞ് പോകാൻ തടസമായിരിക്കുകയാണ്. ഇതു മൂലം ഒരുപാടുദൂരം വളഞ്ഞ് സഞ്ചരിക്കേണ്ട ഗതികേടിലാണ് യാത്രക്കാർ.
കരാഞ്ചിറയിൽ നിന്നും അരിമ്പൂർ, അന്തിക്കാട്, മണലൂർ കോൾ മേഖലകൾ വഴിയാണ് വെള്ളം ഒഴുകി ഏനാമ്മാവ് റെഗുലേറ്റർ വഴി കടലിൽ പോകേണ്ടത്. മഴക്കാലമായാൽ മനക്കൊടി - പുള്ള് പ്രദേശം മുതൽ പെരുമ്പുഴവരെ കെഎൽ ഡിസി യുടെ പ്രധാന ചാലിൽ കുളവാഴയും അതിനടിയിൽ ചണ്ടിയും കരിവാരിയും നിറഞ്ഞ് വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടും. തടസങ്ങൾ നീക്കേണ്ട ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് ഇക്കാര്യത്തിൽ കാണിക്കുന്ന നിരുത്തരവാദപരമായ സമീപനമാണ് വാരിയം പടവിലും, അഞ്ചുമുറി പടവിലും വെള്ളം ഒഴിയാത്തതിന്റെ കാരണമെന്ന് കർഷകർ ആരോപിച്ചു.
മാത്രമല്ല മനക്കൊടി പുള്ള് റോഡിൽ പലയിടത്തും റോഡ് താഴ്ന്നാണ് കിടക്കുന്നത്. അതിനാൽ ചാലിൽ കുളവാഴകൾ മൂലം ഒഴുക്ക് നിലക്കുമ്പോൾ വെള്ളം റോഡു കവിഞ്ഞ് പാടശേഖരത്തിലേക്കു പ്രവഹിച്ച് പലതവണ കൃഷിനാശം സംഭവിച്ചിട്ടുണ്ട്. റോഡ് ഒരു മീറ്ററോളം ഉയർത്തണം എന്നാവശ്യപ്പെട്ട് കർഷകർ മന്ത്രിമാർക്കടക്കം നിവേദനം നൽകിയിരുന്നു.
റോഡരികിലെ മരങ്ങൾ പലതും കടപുഴകി വീണു കിടക്കുകയാണ്. പെരുമ്പുഴ - മണലൂർ പ്രദേശങ്ങളിൽ കൂടുതൽ ചീപ്പുകൾ സ്ഥാപിക്കുകയും ചാലിലെ തടസം യഥാസമയം മാറ്റുകയും ചെയ്തെങ്കിൽ മാത്രമാണ് പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകുകയുള്ളൂ എന്നും കർഷകർ പറയുന്നു.
പുള്ള് വിനോദ സഞ്ചാര കേന്ദ്രത്തിൽ ആളുകൾക്ക് എത്താതായതോടെ കടകൾ എല്ലാം അടക്കേണ്ടി വന്നു. തട്ടുകടകൾ നടത്തുന്ന പലർക്കും വരുമാനം നിലച്ച് ജീവിതം പ്രതിസന്ധിയിലുമാണ്. കൊട്ടവഞ്ചി, പെഡൽ ബോട്ട് തുടങ്ങിയവയും കയറ്റിയിട്ടിരിക്കുകയാണ്.