പുതുക്കാട് താലൂക്ക് ആശുപത്രിയിലെ സീലിംഗ് തകര്‍ന്നുവീണു
1574204
Tuesday, July 8, 2025 11:26 PM IST
പുതുക്കാട്: താലൂക്ക് ആശുപത്രിയില്‍ പുതിയതായി നിര്‍മിച്ച ഐസൊലേഷന്‍ വാര്‍ഡിന്റെ സീലിംഗ് തകര്‍ന്നുവീണു. ഇന്നലെ രാവിലെ 10 നായിരുന്നു സംഭവം. വാര്‍ഡിന്റെ വരാന്തയിലെ പിവിസി ഷീറ്റില്‍ തീര്‍ത്ത സീലിംഗ് ആണ് തകര്‍ന്നുവീണത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ഐസൊലേഷന്‍ വാര്‍ഡ് ഉദ്ഘാടനം കഴിഞ്ഞത്. ഇലക്ട്രിക്കല്‍ പണികള്‍ പൂര്‍ത്തിയാകാത്തതു മൂലം ഇതുവരെ വാര്‍ഡ് തുറന്നുകൊടുത്തിട്ടില്ല. കഴിഞ്ഞ രണ്ടു ദിവസമായി ഇവിടെ ഇലക്ട്രിക്കല്‍ പണികള്‍ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി സീലിംഗ് അഴിച്ച് വയറിംഗ് ജോലികള്‍ ചെയ്തത് പരിശോധിച്ചിരുന്നു. ഇതിനുശേഷം സീലിംഗ് ഉറപ്പിക്കാത്തതാണ് തകര്‍ന്നുവീഴാന്‍ കാരണമെന്ന് പറയുന്നു. ഇന്നലെ രാവിലെ ഉണ്ടായ കാറ്റിലാണ് ഈ ഭാഗം തകര്‍ന്നുവീണത്.
കെ.കെ. രാമചന്ദ്രന് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടും കിഫ്ബി ഫണ്ടും ചേര്‍ത്ത് ഒന്നേമുക്കാല്‍ കോടി രൂപയിലാണ് ഐസൊലേഷന്‍ വാര്‍ഡ് നിര്‍മിച്ചത്. തൃശൂര്‍ ഡിസ്ട്രിക്ട് ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കായിരുന്നു നിര്‍മാണ ചുമതല. മുഖ്യമന്ത്രി പിണറായി വിജയനാണ് ഐസൊലേഷന്‍ വാര്‍ഡ് ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിച്ചത്.