ചിറങ്ങരയിലെ ഇറിഗേഷൻ കാര്യാലയം ‘വെന്റിലേറ്ററിൽ’
1573479
Sunday, July 6, 2025 7:08 AM IST
കൊരട്ടി: ജലസേചനവകുപ്പ് അസിസ്റ്റന്റ് എൻജിനീയറുടെ കാര്യാലയം കൊരട്ടി, ജലസേചനവകുപ്പ് അസിസ്റ്റന്റ് എൻജിനീയറുടെ കാര്യാലയം കറുകുറ്റി എന്നീ ബോർഡുകൾവച്ച് ദേശീയപാത ചിറങ്ങരയുടെ ഹൃദയഭാഗത്ത് പ്രവർത്തിക്കുന്ന ഇറിഗേഷൻ കെട്ടിടം വെന്റിലേറ്ററിലായ അവസ്ഥയാണ്. ദൈന്യതയുടെ പാരമ്യത്തിലെത്തിയ കെട്ടിത്തിന്റെ അങ്കണംതന്നെ പുല്ലുകയറി ചെളിനിറഞ്ഞ നിലയിലാണ്.
കാലപ്പഴക്കത്തിന്റെ ജീർണതബാധിച്ച ഈ കെട്ടിടത്തിന് തൊട്ടടുത്ത് ലക്ഷങ്ങൾമുടക്കി നിർമിച്ച പുതിയ കെട്ടിടവും ഇന്ന് കാടുകയറി, ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായിരിക്കുകയാണ്. കുറച്ചുപണികൾ കൂടി ബാക്കിയുണ്ടെന്നും ഇതിനാവശ്യമായ ഫണ്ടിനുവേണ്ടി കാത്തിരിക്കുകയാണെന്നുമാണ് ബന്ധപ്പെട്ടവർ നൽകുന്ന വിശദീകരണം.
കൊരട്ടി, കാടുകുറ്റി, മേലൂർ, കറുകുറ്റി, പാറക്കടവ് പഞ്ചായത്തുകൾ ഉൾപ്പെടുന്ന ചിറങ്ങരയിലെ ഇറിഗേഷൻ കാര്യാലയത്തിന് ബലക്ഷയം സംഭവിച്ചതോടെയാണ് പുതിയ കെട്ടിടം നിർമിക്കാൻ അധികൃതർ തയാറായത്. ഇടതുകര കനാലുകൾക്കുള്ള ഇറിഗേഷൻ ഓഫീസ് എന്നതിലുപരി അഞ്ചുപഞ്ചായത്തുകളിലെ കൃഷിയിടങ്ങളിലേക്കുള്ള ജലസേചനവും അതുവഴി കുടിവെള്ള സമൃദ്ധിയും ഉറപ്പുവരുത്താൻ കാര്യക്ഷമമായി പ്രവർത്തിക്കേണ്ടയിടം എന്നതിനാൽ ഏറെ പ്രതിക്ഷയോടെയാണ് പുതിയ കെട്ടിടത്തെ നോക്കിക്കണ്ടത്.
കെട്ടിടത്തിന്റെ നിർമാണം ചിറങ്ങര ജംഗ്ഷനിലായതിനാൽ താഴെയുള്ള നിലയിൽ വാണിജ്യ സമുച്ചയവും ഓഫീസുകളും ഒന്നാംനിലയിൽ മീറ്റിംഗ് ഹാളുമാണ് ഉൾപ്പെടുത്തിയിരുന്നത്. രണ്ടുഘട്ടങ്ങളിലായാണ് നിർമാണം നടത്താൻ ഉദ്ദേശിച്ചത്.
2021-22 വർഷം ആദ്യഘട്ടമെന്ന നിലയിൽ 41.50 ലക്ഷം അനുവദിച്ചു. രണ്ടാംഘട്ടമായി അനുവദിച്ച തുകയും വിനിയോഗിച്ച് നിർമാണംനടത്തി. നിര്മാണം അവസാനഘട്ടത്തിലെത്തി കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. തുക വൈകുന്നതോടെയാണ് അവശേഷിക്കുന്ന നിർമാണങ്ങൾ താളംതെറ്റിയത്. ദേശീയപാതയ്ക്ക് അഭിമുഖമായി കെട്ടിടത്തിനു മുന്നിൽ ഗേറ്റ് സ്ഥാപിച്ചെങ്കിലും വള്ളിപടർപ്പുകൾ പടർന്നുകയറി തുരുമ്പെടുത്ത അവസ്ഥയിലാണ്. കെട്ടിടത്തിൽ പ്രവേശിക്കാനാകാത്ത വിധത്തിലാണ് കാടുകയറിയിരിക്കുന്നത്.