ദേശീയപാതയിൽ കുരുക്കിനും ദുരിതത്തിനും അറുതിയില്ല
1573665
Monday, July 7, 2025 2:16 AM IST
കൊരട്ടി: ദേശീയപാത വികസനത്തിന്റെ ഭാഗമായി മുരിങ്ങൂർ, കൊരട്ടി, ചിറങ്ങര മേഖലയിൽ നടക്കുന്ന നിർമാണപ്രവൃത്തികളിൽ പരാതികളും ആശങ്കകളും പരിഹരിക്കപ്പെടാത്ത സാഹചര്യത്തിൽ ജനത്തിനു പ്രതീക്ഷ ഇനി കോടതിയിൽ മാത്രം.
ഒട്ടേറെ പരാതികളും ആക്ഷേപങ്ങളും ജില്ലാ കളക്ടറുടെയും എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടറുടെയും കരാർ കന്പനി അധികൃതരുടെയും എംപി, എംഎൽഎ അടക്കമുള്ള ജനപ്രതിനിധികളുടെയുമെല്ലാം ശ്രദ്ധയിൽപ്പെടുത്തിയിട്ടും ക്രിയാത്മകമായ പരിഹാരനടപടികളൊന്നും ഉണ്ടായില്ല.
ഉടൻ പരിഹരിക്കാമെന്ന പൊള്ളവാഗ്ദാനം നൽകുക മാത്രമാണ് ഹൈവേ അഥോറിറ്റിയും നിർമാണക്കന്പനിയും ഇതുവരെ ചെയ്തത്.
കഴിഞ്ഞദിവസം മുരിങ്ങൂരിൽ നിർമാണപ്രവൃത്തിക്കായി കുഴിച്ച പത്തടി താഴ്ചയുള്ള വെള്ളംനിറഞ്ഞ കുഴിയിലേക്കു യാത്രികരുമായി കാർ മറിഞ്ഞിട്ടും അവിടെ സുരക്ഷാസംവിധാനമൊരുക്കാൻപോലും തയാറാകാത്ത ഒറ്റകാര്യം മാത്രംമതി ഇവരുടെ കെടുകാര്യസ്ഥത തിരിച്ചറിയാൻ. കരാർ കന്പനിയെ ന്യായീകരിക്കാൻ എൻഎച്ച്എഐ നടത്തുന്ന അമിതാവേശവും പ്രതിഷേധസ്വരങ്ങളുയർത്തുന്നവരെ അനുനയിപ്പിക്കാനുള്ള ജനപ്രതിനിധികളുടെ പരിശ്രമവും വിഷയങ്ങളോടു പുലർത്തുന്ന നിശബ്ദതയുമാണ് ജനത്തെ പ്രതിസന്ധിയിലാക്കുന്നത്.
ഇരുദിശകളിലേക്കുമുള്ള സർവീസ് റോഡുകൾ പൂർണമായി നിർമിച്ചശേഷം മാത്രം പ്രധാനപാത പൊളിച്ചിരുന്നെങ്കിൽ ഗതാഗതകുരുക്ക് ഇത്ര രൂക്ഷമാകുമായിരുന്നില്ല. ദേശീയപാതയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ മുരിങ്ങൂരിലും കൊരട്ടിയിലും ചിറങ്ങരയിലും നിർമിച്ച കാനകൾ ഒട്ടും പ്രായോഗികമല്ല. നിലവിൽ ബദൽറോഡുകൾ കുണ്ടുംകുഴിയുമായി ചെളിനിറഞ്ഞ അവസ്ഥയിലാണ്. വാഹനങ്ങൾ വഴിതിരിച്ചുവിടുന്ന ഗ്രാമീണറോഡുകളുടെയും സ്ഥിതി വ്യത്യസ്തമല്ല.
നാട്ടുകാർ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങളിൽ കോടതി രക്ഷയ്ക്കെത്തുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. ദേശീയപാതയിലെ ഗതാഗതക്കുരുക്കും ടോളുമുൾപ്പെടെയുള്ള വിഷയങ്ങൾ നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്.