ടോള്‍ പ്ലാസയിലേക്കു യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ സംഘര്‍ഷം, ജലപീരങ്കി
1573486
Sunday, July 6, 2025 7:15 AM IST
പാലിയേക്കര: ദേശീയപാതയിലെ പാലിയേക്കര ടോള്‍ പിരിവിനെതിരേ യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. 14 പേരെ അറസ്റ്റുചെയ്തു.
യൂത്ത് കോണ്‍ഗ്രസ് പുതുക്കാട്, ഒല്ലൂര്‍ നിയോജകമണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. പാലിയേക്കര മേല്‍പ്പാലത്തിനു സമീപത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് ടോള്‍പ്ലാസയ്ക്കുസമീപം പോലീസ് തടഞ്ഞു. ദേശീയപാതയുടെ തൃശൂര്‍ ഭാഗത്തേക്കുള്ള ട്രാക്ക് പകുതിയോളം പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞിരുന്നു. അതോടെ പ്രവര്‍ത്തകര്‍ ദേശീയപാതയുടെ ഒരുവശത്ത് ഇരുന്നു പ്രതിഷേധിച്ചു.

മുന്‍ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനപ്രസംഗം കഴിഞ്ഞതോടെ പ്രവര്‍ത്തകര്‍ പോലീസ് ബാരിക്കേഡുകള്‍ തകര്‍ത്തു മുന്നോട്ടുനീങ്ങി. ഏറെനേരം പോലീസും പ്രവര്‍ത്തകരും ബാരിക്കേഡുകള്‍ക്ക് ഇരുപുറംനിന്ന് ബലപരീക്ഷണം നടത്തി. തുടര്‍ന്നു പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
ഒരു ടാങ്ക് വെള്ളം തീര്‍ന്നിട്ടും പ്രവര്‍ത്തകര്‍ ദേശീയപാതയില്‍നിന്നു മാറിയില്ല. തുടര്‍ന്നു പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു വാഹനങ്ങള്‍ തടഞ്ഞു. അതോടെ ടോള്‍പ്ലാസയില്‍ വന്ഗതാഗതക്കുരുക്കായി. ഞൊടിയിടയില്‍ വാഹനങ്ങളുടെ നീണ്ടനിരയായി. തുടർന്നു ദേശീയപാതയില്‍ കിടന്നു മുദ്രാവാക്യംവിളിച്ച പ്രവര്‍ത്തകരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റുചെയ്തുനീക്കി.
ജോസ് വള്ളൂര്‍, കെ. ഗോപാലകൃഷ്ണന്, ടി.എം. ചന്ദ്രന്, ശോഭ സുബിന്, സി. പ്രമോദ്, ഹരീഷ് മോഹന്‍, സുഷില്‍ ഗോപാല്‍, ഫൈസല്‍ ഇബ്രാഹിം, അല്‍ജോ ചാണ്ടി, ഷെറിന് തേര്‍മഠം, കെ. മനോജ് കുമാര്‍, ഹരണ്‍ ബേബി എന്നിവരെ അറസ്റ്റുചെയ്തു ജാമ്യത്തില്‍ വിട്ടയച്ചു. ജെയ്ജു സെബാസ്റ്റ്യന്‍, സെബി കൊടിയന്‍, കെ.എഫ്. ഡൊമിനിക്ക്, റോയ് കെ. ദേവസി, റിസണ്‍ വര്‍ഗീസ്, ജിമ്മി മഞ്ഞളി, ഔസേഫ് വൈക്കാടന്‍, ഷാഫി കല്ലൂപ്പറമ്പില്‍, പി.ടി. വിനയന്, കെ. രാധാകൃഷ്ണന്, സിജോ പുന്നക്കര, കെ.വി. പുഷ്പാകരന്‍, കെ.എസ്. കൃഷ്ണന് കുട്ടി എന്നിവര്‍ നേതൃത്വം നല്കി.