നഗരവീഥികളില്‍ മഴക്കുഴികള്‍; മരണക്കെണിയൊരുക്കി അധികൃതര്‍
1574214
Tuesday, July 8, 2025 11:26 PM IST
ഇരിങ്ങാലക്കുട: നഗരത്തിലെ തിരക്കേറിയ പല റോഡുകളും മരണക്കെണികളായി മാറി. കാല് നടയാത്രക്കാര്‍ക്കുപോലും റോഡിലൂടെ നടക്കാന്‍ സാധിക്കാത്ത അവസ്ഥ.
നഗരത്തിലെ പ്രധാന റോഡുകളായ ബസ് സ്റ്റാന്‍ഡ് - എകെപി ജംഗ്ഷന് റോഡ്, ബൈപാസ് റോഡ്, ക്രൈസ്റ്റ് കോളജ് റോഡ്, മാസ് റോഡ്, ഫയര്സ്റ്റേഷന് റോഡ്, ഫാ. ഡിസ്മസ് റോഡ്, മാര്‍ക്കറ്റ് ഇരട്ട കപ്പേള റോഡ് എന്നിവ ഏറെ ശോചനീയമായ അവസ്ഥയിലാണ്.
തകര്‍ന്നു തരിപ്പണമായ റോഡുകളില്‍ ഭൂരിഭാഗവും ഭരണകക്ഷി കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളില്‍ ഉള്‍പ്പെടുന്നതാണ്. മഴപെയ്തതോടെ പല ചെറുകുഴികളും വന്കുഴികളാകുകയും വന്‍ കുഴികള്‍ പിന്നീട് കുളങ്ങളായും മാറിയ അവസ്ഥയിലാണ്.
ജനങ്ങളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നപ്പോള്‍ കണ്ണില്‍ പൊടിയിടാനെന്നപോലെ പലയിടത്തും ക്വാറിവേസ്റ്റ് ഇട്ടു. ബസ് സ്റ്റാന്‍ഡു മുതല്‍ എകെപി ജംഗ്ഷന് വരെയുള്ള റോഡില്‍ സണ്ണി സില്‍ക്ക് സിനു മുന്നില്‍ ക്വാറി വേസ്റ്റ് ഇട്ടിട്ടും തുടര്‍ന്നുണ്ടായ മഴയില്‍ ഒലിച്ചുപോകുകയായിരുന്നു.
പലയിടത്തും കുഴികളിലിട്ട മണ്ണ് ചെളിക്കൂനയായി മാറി. ചെളിയിലൂടെ വാഹനം ഓടിച്ച് വീഴുന്നവര്‍ നിരവധിയാണ്. പലരും ഭാഗ്യം കൊണ്ടുമാത്രമാണു രക്ഷ പ്പെടുന്നത്.
മഴ മാറിയാല്‍ തകര്‍ന്നുകിടക്കുന്ന റോഡുകള്‍ പൂര്‍ണമായും നന്നാക്കുമെന്ന് നഗരസഭ അധികൃതര്‍ ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും നടപടികള്‍ ഒന്നുംതന്നെ ആയിട്ടില്ല. ബസ് സ്റ്റാന്‍ഡ് എകെപി ജംഗ്ഷന് റോഡില്‍ വെള്ളക്കെട്ടുള്ള ഭാഗം ടൈലിട്ടുയര്ത്തി പ്രശ്നം പരിഹരിക്കുമെന്നാണ് അധികൃതര്‍ പറയുന്ന ഉറപ്പ്.
യാത്രാദുരിതം ഏറിയതോടെ വിവിധ രാഷ്ട്രീയ സംഘടനകളും സമുദായ സംഘടനകളും പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടും അധികൃതര്‍ കണ്ടില്ലെന്ന അവസ്ഥയിലാണ്.