യുവാവിനെതിരേ കേസെടുക്കാൻ കോടതി ഉത്തരവ്
1573925
Tuesday, July 8, 2025 1:19 AM IST
ചാവക്കാട്: കോടതിപരിസരത്ത് ഭാര്യയുമൊത്ത് വക്കീലിനെ കാണാനെത്തിയ ക്ഷേത്രം ശാന്തിക്കാരൻ അന്നകര വടേരിയാട്ടിൽ രതീഷിനെതിരേ കേസെടുക്കാൻ കോടതി ഉത്തരവ്. തന്റെ പണവും ഫോണും കാറും കവർച്ച ചെയ്യപ്പെട്ട കേസിൽ വക്കീലിനെ കാണാൻ എത്തിയ രതീഷിനെതിരേ സജീഷ് എന്നയാൾ നൽകിയ ഹണിട്രാപ്പ് പരാതിയിലാണു കോടതി കേസെടുക്കാൻ പോലീസിനോടു നിർദേശിച്ചത്.
പരാതിക്കാരനായ പിലക്കാട് സ്വദേശി ഈങ്ങത്ത് കിഴക്കേതിൽ സജീഷിന്റെ മുൻഭാര്യ കൈപ്പറന്പ് സ്വദേശി വിളക്കത്തല ശ്രുതിബാബു, കാമുകൻ അന്നകര സ്വദേശിയായ ക്ഷേത്രംശാന്തി വടേരിയാട്ടിൽ രതീഷ് എന്നിവർക്കെതിരേയാണു കേസെടുത്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടത്.
അന്നകരയിലെ ക്ഷേത്രത്തിൽ സ്ഥിരമായി ദർശനത്തിനു വന്നിരുന്ന ശ്രുതിയെ വിവാഹം കഴിക്കാനായി ശാന്തിക്കാരനായ രതീഷ് ശ്രുതിയുടെ ഭർത്താവായ സജീഷിനെ ഹണിട്രാപ്പിൽ പെടുത്തിയെന്നാണു കേസ്.
ബംഗളൂരുവിൽ താൻ ഫാഷൻ ഷോ നടത്തുന്നുണ്ടെന്നും അതിന്റെ മേക്കപ്പ്മാനായി നിയമിക്കാമെന്നും വാഗ്ദാനം നൽകി സജീഷിനെ സഹായിയായ ഒരു സ്ത്രീക്കൊപ്പം ബംഗളുരുവിലേക്ക് അയക്കുകയായിരുന്നു.
തുടർന്ന് സജീഷിനെയും ഈ സ്ത്രീയെയും നഗ്നരാക്കിയുള്ള ചിത്രം പകർത്തി ഈ ചിത്രം സജീഷിന്റെ ഭാര്യ ശ്രുതിക്ക് അയക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. ശ്രുതിയെ തെറ്റിദ്ധരിപ്പിച്ച് വിവാഹംകഴിച്ച പ്രതി സജീഷിനെ ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ തട്ടിയെടുത്തെന്നുമാണു കേസ്. അഡ്വ. പി .മുഹമ്മദ് ബഷീർ, അൻഷീന ബഷീർ എന്നിവർ മുഖേനയാണ് സജീഷ് കോടതിയിൽ കേസ് ഫയൽ ചെയ്തത്.
രതീഷിനെ ജനുവരി ആറിന് കോടതിപരിസരത്തുവച്ച് ആക്രമിച്ച് കാറും മൊബൈൽഫോണും പണവും കവർന്നെന്ന കേസിൽ കഴിഞ്ഞദിവസം ചാവക്കാട് പോലീസ് തിരുവത്ര സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. രതീഷിനെ ആക്രമിച്ച കേസിൽ ഉൾപ്പെട്ട സിപിഎം നേതാവിനെ ഉൾപ്പെടെ മറ്റു രണ്ടു പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്ഗ്രസും ബിജെപിയും കഴിഞ്ഞദിവസം നടത്തിയ പോലീസ് സ്റ്റേഷൻ മാർച്ച് സംഘർഷത്തിലും ജലപീരങ്കിപ്രയോഗത്തിലും കലാശിച്ചിരുന്നു.