സ്വര്‍ണമാല മോഷണം; തമിഴ്നാട് സ്വദേശിനി അറസ്റ്റില്‍
1573470
Sunday, July 6, 2025 7:08 AM IST
ഇരിങ്ങാലക്കുട: വയോധികയെ വീട്ടില്‍ കൊണ്ടുവിടാമെന്നുപറഞ്ഞ് ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയി സ്വര്‍ണമാല കവര്‍ന്ന സംഭവത്തില്‍ തമിഴ്നാട് സ്വദേശിനി അറസ്റ്റില്‍. തമിഴ്നാട് പൊള്ളാച്ചി വാടിപ്പെട്ടി സ്വദേശിനി അമ്മു (26)വിനെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്.
ഏപ്രില്‍ 16 നാണ് സംഭവം. മുരിയാട് പാറേക്കാട്ടുകര സ്വദേശിനി വിയ്യത്ത് വീട്ടില്‍ തങ്കമണി(73) ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍പോയി തിരികെ വീട്ടില്‍ പോകുന്നതിനായി ബസ് കാത്ത് നില്ക്കുമ്പോള് ആശുപത്രിയില്‍വച്ച് പരിചയപ്പെട്ട പ്രതികളായ രണ്ട് സ്ത്രീകള്‍ എവിടേക്കാണുപോകുന്നതെന്നുചോദിക്കുകയും പാറേക്കാട്ടുകരയിലേക്കാണെന്നു പറഞ്ഞപ്പോള്‍ ഞങ്ങളും അവിടേക്കാണെന്നും അവിടെയാക്കാമെന്നും പറഞ്ഞു. ഓട്ടോയില്‍ പോകുന്നതിനുള്ള പണമില്ലെന്ന് പറഞ്ഞപ്പോള്‍ പ്രതികള്‍ പണംകൊടുക്കാമെന്ന് പറഞ്ഞ് ആശുപത്രിയുടെ മുന്നിലെ സ്റ്റാന്‍ഡില്‍നിന്ന് ഓട്ടോ വിളിച്ച് തങ്കമണിയെ നടുക്കിരുത്തി പോവുകയായിരുന്നു.
തുടര്‍ന്ന് പാറേക്കാട്ടുകരയിലെ റേഷന്‍കടയുടെ മുന്‍വശം തങ്കമണിയെ ഇറക്കി പ്രതികള്‍ രക്ഷപ്പെട്ടു. അല്പസമയം കഴിഞ്ഞാണ് തങ്കമണി മാല നഷ്ടപ്പെട്ട വിവരമറിഞ്ഞത്. ഉടനെ നാട്ടുകാരെ അറിയിച്ച് പ്രതികളെക്കുറിച്ച് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തങ്കമണിയുടെ കഴുത്തില്‍ കിടന്നിരുന്ന രണ്ടേമുക്കാല്പവന് തൂക്കംവരുന്ന സ്വര്‍ണമാലയാണ് വിദഗ്ധമായി കവര്‍ന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രതിയായ അമ്മുവിനെ കോഴിക്കോട് നടക്കാവ് പോലീസ് സംശയാസ്പദമായ സാഹചര്യത്തില്‍ കാണപ്പെട്ടതിനെതുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇരിങ്ങാലക്കുട പോലീസ് നടക്കാവ് പോലീസ് സ്റ്റേഷനില്‍ നിന്ന് പ്രതിയെ കൂട്ടിക്കൊണ്ടുവന്ന് തങ്കമണിയെ കാണിച്ച് പ്രതിയെ തിരിച്ചറിഞ്ഞതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.