സിപിഐ ജില്ലാ സമ്മേളനം ഇരിങ്ങാലക്കുടയിൽ പത്തുമുതൽ
1573911
Tuesday, July 8, 2025 1:19 AM IST
തൃശൂർ: സിപിഐ തൃശൂർ ജില്ലാ സമ്മേളനം പത്തുമുതൽ 13 വരെ ഇരിങ്ങാലക്കുടയിൽ നടക്കും. വനിതാസംഗമം, മാധ്യമസെമിനാർ, സെമിനാറുകൾ, സ്മൃതിസംഗമം, അവാർഡ് വിതരണം തുടങ്ങിയവ പരിപാടികൾ സംഘടിപ്പിച്ചെന്നും ഒരുക്കങ്ങൾ പൂർത്തിയായെന്നും ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് പറഞ്ഞു.
10ന് രാവിലെ പതാക, ബാനർ, കൊടിമരജാഥകൾ നടക്കും. ഉച്ചകഴിഞ്ഞു മൂന്നിനു കുട്ടംകുളം പരിസരത്തുനിന്നു റെഡ് വോളന്റിയർ മാർച്ചും ബഹുജനറാലിയും ആരംഭിക്കും. അഞ്ചിന് അയ്യങ്കാവ് മൈതാനത്തു നടക്കുന്ന പൊതുസമ്മേളനം സിപിഐ ദേശീയ കൗണ്‍സിലംഗവും മന്ത്രിയുമായ കെ. രാജൻ ഉദ്ഘാടനം ചെയ്യും. 11നു രാവിലെ 10നു മുനിസിപ്പൽ ടൗണ്‍ഹാൾ നടക്കുന്ന പ്രതിനിധിസമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും.
സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.എൻ. ജയദേവൻ പതാക ഉയർത്തും. നേതാക്കളായ കെ.പി. രാജേന്ദ്രൻ, പി.പി. സുനീർ, കെ. രാജൻ, ജെ. ചിഞ്ചുറാണി, സത്യൻ മൊകേരി, മുല്ലക്കര രത്നാകരൻ, എൻ. രാജൻ, സി.എൻ. ജയദേവൻ, രാജാജി മാത്യു തോമസ് തുടങ്ങിയവർ പ്രസംഗിക്കും. ജില്ലയിലെ 17,827 പാർട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 362 പ്രത്യേക ക്ഷണിതാക്കളും 21 ക്ഷണിതാക്കളും ഉൾപ്പെടെ 395 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.
വാർത്താസമ്മേളനത്തിൽ മന്ത്രി കെ. രാജൻ, സംസ്ഥാന കൗണ്‍സിലംഗം വി.എസ്. സുനിൽകുമാർ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ പി. ബാലചന്ദ്രൻ എംഎൽഎ, അഡ്വ. ടി.ആർ. രമേഷ്കുമാർ, ജില്ലാ സമ്മേളനം സംഘാടകസമിതി കണ്‍വീനർ ടി.കെ. സുധീഷ് എന്നിവർ പങ്കെടുത്തു.