മാലിന്യം പുറത്തേക്ക് ഒഴുകുന്നതായി പരാതി
1573662
Monday, July 7, 2025 2:16 AM IST
കാട്ടൂര്‍: പഞ്ചായത്തിലെ അജൈവ മാലിന്യ ശേഖരണ സംസ്കരണ കേന്ദ്രത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കെട്ടിടത്തിന് പുറത്ത് കൂട്ടിയിട്ട മാലിന്യങ്ങള്‍ പുറത്തേയ്ക്ക് ഒഴുകുന്നതായി പരാതി.
കാട്ടൂര്‍- എടതിരിഞ്ഞി റോഡില്‍ മധുരംപിള്ളി, മാവുംവളവിനു സമീപം തെക്കും പാടം പ്രദേശത്ത് പ്രവത്തിക്കുന്ന പഞ്ചായത്തിന്റെ അജൈവമാലിന്യ ശേഖരണ- സംസ്കരണകേന്ദ്രത്തില്‍ കൂട്ടിയിട്ടിരിക്കുന്ന മാലിന്യമാണ് മഴയില്‍ വെള്ളംകയറിയതോടെ ഒലിച്ചുപോയി സമീപത്തുള്ള ശുദ്ധജല സ്രോതസ്സുകളിലേക്കും വ്യാപിച്ചത്. കാട്ടൂരിലെയും സമീപ പഞ്ചായത്തുകളിലെയും കര്‍ഷകര്‍ കൃഷിക്ക് പ്രധാനമായും ആശ്രയിക്കുന്ന തെക്കുംപാടം പാടശേഖരത്തിലേക്കും തൊട്ടടുത്തുള്ള കെഎല്‍ഡിസി കനാലിലേക്കും കനോലി കനാലിലേയ്ക്കും മാത്രമല്ല അടുത്തുള്ള വീടുകളിലെ കിണറുകളിലേക്കും കുളങ്ങളിലേക്കും മാലിന്യം വ്യാപിച്ചിരിക്കുകയാണ്.
അതുവഴി കാട്ടൂര്‍ ഗ്രാമപഞ്ചായത്തിന് മാത്രമല്ല കനോലി കനാല്‍ ഒഴുകുന്ന സമീപ പഞ്ചായത്തുകള്‍ക്കും പുഴയിലെ മറ്റു ജൈവവൈവിധ്യങ്ങള്‍ക്കും, കര്‍ഷകര്‍ക്കും ഇത് വലിയ ഭീഷണിയാകും. പഞ്ചായത്തിലെ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. മഴയില്‍ കെട്ടിടവും പരിസര പ്രദേശവും ദിവസങ്ങളായി വെള്ളക്കെട്ടിലാണ്.
വെള്ളക്കെട്ട് രൂക്ഷമായിട്ടും മാലിന്യം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. കൊതുകുകള്‍ പെരുകി പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യമായതിനാല്‍ ഏറെ ആശങ്കയിലാണ് നാട്ടുകാര്‍. ആറ് മാസത്തോളമായി കൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യാന്‍ പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. അലക്ഷ്യമായി പ്ലാസ്റ്റിക് മാലിന്യം കൈകാര്യം ചെയ്യുന്നതിന് പഞ്ചായത്തിനെതിരേ ജില്ലാ കളക്ടര്‍ നടപടിയെടുക്കണമെന്നു യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഷെറിന് തേര്‍മഠം ആവശ്യപ്പെട്ടു.
മാലിന്യം നീക്കം ചെയ്യാന്‍ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നു കാട്ടൂര്‍ മണ്ഡലം പ്രസിഡന്റ്് സക്കറിയ എലുവത്തിങ്കല്‍, ബൈജു അമ്പലത്തുവീട്ടില്‍ എന്നിവര്‍ വ്യക്തമാക്കി.