ഇതരസംസ്ഥാനതൊഴിലാളിയെ ആക്രമിച്ച കേസിൽ കത്തി രാജേഷ് അറസ്റ്റിൽ
1565422
Saturday, June 7, 2025 1:00 AM IST
കയ്പമംഗലം: ഇതരസംസ്ഥാന തൊഴിലാളിയെ ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ വലപ്പാട് സ്വദേശി അറസ്റ്റിൽ.
പനച്ചിച്ചുവട് ഉന്നതി സ്വദേശി പുത്തൻവീട്ടിൽ രാജേഷിനെ(കത്തി രാജേഷ്-43)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. കയ്പമംഗലം ചാമക്കാല ബീച്ച് പാലസ് ഓഡിറ്റോറിയത്തിനുസമീപംവച്ച് വെസ്റ്റ് ബംഗാൾ സ്വദേശി റാബിയൂർ ഹുസൈൻ ധബക്കിനോട് പ്രതി ബീഡി ചോദിക്കുകയും നൽകാത്തതിലുള്ള വൈരാഗ്യത്താൽ മരവടികൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്.
രാജേഷിനെതിരേ പഴയന്നൂർ പോലീസ് സ്റ്റേഷനിൽ ഒരു കവർച്ചാക്കേസും വലപ്പാട് പോലീസ് സ്റ്റേഷനിൽ ഒരു വധശ്രമക്കേസും ഏഴ് അടിപിടിക്കേസുകളും കയ്പമംഗലം പോലീസ് സ്റ്റേഷനിൽ ഒരു അടിപിടിക്കേസും ലഹരി ഉപയോഗിച്ച് പൊതുജനശല്യമുണ്ടാക്കിയതിനു ഒരു കേസുമുണ്ട്.
ഈ കേസിലെ പ്രതികളായ ചാമക്കാല സ്വദേശികളായ ചാരിച്ചെട്ടിവീട്ടിൽ രതീഷ് എന്ന് വിളിക്കുന്ന രമേഷ്, പടവലപ്പറമ്പിൽ വീട്ടിൽ ബാദുഷ എന്നിവരെ നേരത്തെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു.
കയ്പമംഗലം സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ആർ. ബിജു, സബ് ഇൻസ്പെക്ടർ അഭിലാഷ്, സീനിയർ സിപിഒ ഗിരീശൻ, സിപിഒ സൂരജ്, വിനുകുമാർ എന്നിവർചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.