പെര്‍മിറ്റ് ലംഘനം; ഇരിങ്ങാലക്കുട - തൃപ്രയാര്‍ റൂട്ടില്‍ മൂന്നു ബസുകള്‍ക്കു പിഴ
1565418
Saturday, June 7, 2025 1:00 AM IST
ഇരിങ്ങാലക്കുട: തൃപ്രയാര്‍ റൂട്ടില്‍ സര്‍വീസ് നടത്താതെ പെര്‍മിറ്റ് ലംഘനം നടത്തിയ ബസുകള്‍ കണ്ടെത്തി മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം പിഴ ഈടാക്കി.
തൃപ്രയാര്‍ - ഇരിങ്ങാലക്കുട റൂട്ടിലോടുന്ന കൃഷ്ണസിന്റെ രണ്ടു ബസുകളും മംഗലത്ത് ബസുമാണ് എന്‍ഫോഴ്സ്മെന്റ് വിഭാഗം ഇന്‍സ്പെക്ടര്‍ പി.വി. ബിജു, അസി. ഇന്‍സ്പെക്ടര്‍ കെ. വിപിന്‍ എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്. രാത്രി ബസുകള്‍ സര്‍വീസ് നടത്താത്തതുമൂലം വ്യാപാരസ്ഥാപനങ്ങളില്നിന്നുള്ള ജീവനക്കാര്‍ക്ക് യാത്രാ ബുദ്ധിമുട്ട് നേരിടുന്നതായി പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് കഴിഞ്ഞദിവസം എന്‍ഫോഴ്സ്മെന്റ് പരിശോധന നടത്തി വണ്ടികള്‍ പിടികൂടിയത്.
കാട്ടൂര്‍ പെട്രോള്‍പമ്പിനു സമീപത്തുനിന്ന് കൃഷ്ണസിന്റെ രണ്ടുബസുകളും വെള്ളാനിയിലുള്ള മംഗലത്തിന്റെ ഷെഡില്‍നിന്ന് മറ്റൊരു ബസുമാണ് പിടികൂടിയത്. മൂന്നു ബസുകളുടെ ഉടമസ്ഥരില്നിന്നായി മുപ്പതിനായിരത്തോളംരൂപ പിഴയും ഈടാക്കിയിട്ടുണ്ട്. കഴിഞ്ഞയാഴ്ചയും പെര്മിറ്റിലുള്ളതുപോലെ സര്‍വീസ് നടത്താതിരുന്ന സ്വകാര്യ ബസില്‍നിന്ന് എന്‍ഫോഴ്സ്മെന്റ് വിഭാഗം പിഴ ഈടാക്കിയിരുന്നു.