ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്: കാടുകയറി നശിക്കാന്‍ ഒരു ഗുഡ്സ് യാര്‍ഡ്
1565421
Saturday, June 7, 2025 1:00 AM IST
കല്ലേറ്റുംകര: ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനോടുള്ള അധികൃതരുടെ അവഗണനയുടെ മറ്റൊരു മുഖമാണ് കാടുകയറിനശിക്കുന്ന റെയില്‍വേ ഗുഡ്സ് യാര്‍ഡ്.
ഒരുകാലത്ത് തൃശൂര്‍ കഴിഞ്ഞാല്‍ ഏറ്റവുംകൂടുതല്‍ ചരക്ക് ഉത്പന്നങ്ങള്‍ കയറ്റിറക്കുനടന്നിരുന്ന ഗുഡ്സ് യാര്‍ഡ് നാല്പതുവര്ഷത്തിലേറെയായി ഉപയോഗശൂന്യമായി കിടക്കുകയാണ്. വെയ്റ്റിംഗ് ബ്രിഡ്ജ്, സാധനങ്ങള്‍ സൂക്ഷിക്കാനുള്ള മുറി, ഇലക്ട്രിക് ലൈന്‍വരെ നേരത്തെ റെയില്‍വേ ഇതിലേക്കായി വലിച്ചിട്ടിട്ടുണ്ട്.
എന്നിട്ടും ഇപ്പോഴും ഗുഡ്സ് യാര്‍ഡ് പുനഃരാരംഭിക്കാനുള്ള നടപടികള്‍ ആരംഭിക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. ചുമട്ടുതൊഴിലാളി സംഘടനകള്‍ തമ്മിലുള്ള പ്രശ്നങ്ങളെത്തുടര്‍ന്നുണ്ടായ ചില രാഷ്ട്രീയ ഇടപെടലുകളാണ് ഗുഡ്സ് യാര്‍ഡ് പ്രവര്ത്തനംനിലയ്ക്കാന് കാരണമായത്. കല്ലേറ്റുംകരയിലുള്ള പൊതുമേഖലാസ്ഥാപനമായ കേരള ഫീഡ്സ്, ഇരിങ്ങാലക്കുടയിലുള്ള കെഎസ്ഇ അടക്കമുള്ള വലിയ സ്ഥാപനങ്ങളിലേക്കും സമീപത്തുള്ള ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് അടക്കമുള്ള സ്ഥലങ്ങളിലേക്കും മറ്റ് ചെറുകിട സ്ഥാപനങ്ങളിലേക്കുമുള്ള അസംസ്കൃത ഉത്പന്നങ്ങള്‍ വന്നിരുന്നതും അതുപോലെ ഇവിടെയുണ്ടാക്കുന്ന ഉത്പന്നങ്ങള്‍ കയറ്റി അയച്ചിരുന്നതും ഇവിടെ നിന്നായിരുന്നു. തേങ്ങ ഉള്‍പ്പടെയുള്ള കാര്‍ഷികവിളകളും വലിയ തോതില്‍ ഇവിടെനിന്ന് കയറ്റി അയച്ചിരുന്നു.
എന്നാലിപ്പോള്‍ ചരക്കുനീക്കത്തിന് തൃശൂരിനേയും ചാലക്കുടിയേയും ആശ്രയിക്കേണ്ട അവസ്ഥയാണ്. യാത്രാ ട്രെയിനുകളിലുള്ള ഗുഡ്സ് വാഗണില്‍ ഇരിങ്ങാലക്കുടയില്‍നിന്ന് കാര്‍ഷികോത്പന്നങ്ങള്‍ കൊണ്ടുപോയിരുന്നു. ഒന്നരകോടിയോളംരൂപയാണ് ഈ ഇനത്തില്‍ മാസംതോറും റെയില്‍വേയ്ക്ക് ലഭിച്ചുകൊണ്ടിരുന്നത്. എന്നാല്‍ രണ്ടുമിനിറ്റില്‍ താഴെ ട്രെയിനുകള്‍ നിര്‍ത്തുന്ന സ്റ്റേഷനുകളില്‍നിന്ന് ചരക്കുകള്‍ കയറ്റേണ്ടതില്ലെന്ന തീരുമാനം വന്നതോടെ ഗുഡ്സ് വാഗണിലൂടെയുള്ള ചരക്കുനീക്കവും നിലച്ചു. കൂടാതെ പത്തുപോര്ട്ടര്മാരുടെ ജോലിയും ഇതോടൊപ്പം നഷ്ടപ്പെട്ടു.
കാടുവെട്ടിത്തെളിച്ച് റെയില്‍വേയുടെ സ്ഥലങ്ങള്‍ ഉപയോഗപ്പെടുത്തി വലിയ ഗോഡൗണുകളും നിര്‍മിച്ച് യാര്‍ഡിന്റെ പ്രവര്‍ത്തനം ആരംഭിച്ചാല്‍ കോടിക്കണക്കിന് രൂപയുടെ വരുമാനം ഇതിലൂടെ റെയില്‍വേയ്ക്ക് ഉണ്ടാക്കാന്‍ കഴിയും. അതിന് അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂല നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.