കാട്ടിക്കുളം ഭരതന്: അനുശോചനയോഗം ഇന്ന്
1565420
Saturday, June 7, 2025 1:00 AM IST
ഇരിങ്ങാലക്കുട: മനുഷ്യസ്നേഹപ്രേരിതവും ജീവകാരുണ്യപരവുമായ എല്ലാ പ്രവര്‍ത്തനങ്ങളിലും മുന്നില്‍നിന്ന വ്യക്തിത്വമാണ് കാട്ടിക്കുളം ഭരതനെന്ന് മന്ത്രി ഡോ. ആര്. ബിന്ദു.
സാമ്പത്തികവും സാമൂഹ്യവുമായി പിന്നിലയിലുള്ളവര്ക്ക് സഹായഹസ്തം നീട്ടുകയും അത്തരം കുടുംബങ്ങളില്‍നിന്നുള്ള കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസ സാഹചര്യങ്ങള്‍ ഉറപ്പാക്കാന്‍ പരിശ്രമിക്കുകയും ചെയ്ത വ്യക്തിയാണ്. ഇരിങ്ങാലക്കുടയിലെ ഏതു വികസനപ്രവര്‍ത്തനത്തിലും സഹകരിച്ചു. കോവിഡ് കാലത്തുള്‍പ്പടെ നാടിനെയും നാട്ടുകാരെ യും ചേര്‍ത്തുപിടിച്ചു.
ശ്രീനാരായണ സന്ദേശങ്ങളുടെ ഉത്തമപ്രചാരകനായി മാനുഷികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു. കാണുമ്പോഴൊക്കെയും സ്നേഹത്തോടെ കരംപിടിക്കുകയും കണ്ണീര് വാര്‍ക്കുകയും ചെയ്തിരുന്ന ഭരതേട്ടന് വ്യക്തിപരമായി പ്രകടിപ്പിച്ചിരുന്ന സവിശേഷവാത്സല്യം വല്ലാത്ത നഷ്ടബോധത്തോടെ ഓര്‍ക്കുന്നതായി മന്ത്രി സൂചിപ്പിച്ചു.
ഇരിങ്ങാലക്കുടയെന്ന നാടിനെ ഹൃദയത്തോടുചേര്‍ത്തുവച്ച മനുഷ്യസ്നേഹിയാണ് കാട്ടിക്കുളം ഭരതനെന്ന എല്ലാവരുടെയും പ്രിയപ്പെട്ട ഭരതേട്ടനെന്നു തോമസ് ഉണ്ണിയാടന് പറഞ്ഞു. ഇരിങ്ങാലക്കുടയുടെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസമേഖലകളിലെ നിറസാന്നിധ്യമായിരുന്നു. ശ്രീനാരായണീയ പ്രസ്ഥാനങ്ങളിലൂടെയും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് ഇദ്ദേഹം സംഘടിപ്പിച്ചിട്ടുള്ളതെന്നും ഉണ്ണിയാടന് പറഞ്ഞു.
കാട്ടിക്കുളം ഭരതന്റെ വിയോഗത്തില്‍ ഇരിങ്ങാലക്കുട പൗരാവലിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് അനുശോചനയോഗം ചേരും. സംസ്കാര ചടങ്ങുകള്‍ക്കുശേഷം വൈകീട്ട് 5.30ന് ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ അനുശോചനയോഗം നടക്കുമെന്നു മന്ത്രി ഡോ.ആര്. ബിന്ദു അറിയിച്ചു.