ദേവാലയങ്ങളിൽ തിരുനാൾ
1444961
Thursday, August 15, 2024 1:17 AM IST
മാർത്ത്മറിയം വലിയപള്ളി
തൃശൂർ: മാർത്ത് മറിയം വലിയ പള്ളിയിൽ പരിശുദ്ധകന്യകാ മാർത്ത് മറിയത്തിന്റെ ഓർമദിന ശൂനായ പെരുന്നാളിനോടനുബന്ധിച്ച് ഇന്നുരാവിലെ ഏഴിനു വിശുദ്ധ കുർബാന. 9.30നു ദേശീയപതാക ഉയർത്തും.
210-ാം വാർഷികം ആഘോഷിക്കുന്ന വലിയപള്ളിയുടെ സാമൂഹികപ്രതിബദ്ധതയുടെ ഭാഗമായി ഡയാലിസിസിനു 210 പേർക്കു സഹായധനം നൽകും. സൗജന്യ കേശദാനക്യാമ്പ്, ഹോമിയോപ്പതി ക്യാമ്പ്, നേത്രപരിശോധനാക്യാമ്പ്, ത്വക്ക്, ദന്ത, രക്ത പരിശോധനാക്യാമ്പ് എന്നിവ മാർ ഔഗിൻ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. 10.30ന് നേർച്ചസദ്യ ആശീർവദിക്കും.
വേലൂപ്പാടം തീര്‍ഥകേന്ദ്രം
പുതുക്കാട്: വേലൂപ്പാടം വിശുദ്ധ.യൗസേപ്പിതാവിന്റെ തീര്‍ത്ഥാടന കേന്ദ്രത്തിലെ പ്രസിദ്ധമായ ഊട്ടുതിരുനാള് ഇന്ന് ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന, നൊവേന, ഊട്ട് ആശീര്‍വാദം എന്നിവ നടക്കും. ഫാ. ജോ പാച്ചേരില്‍ കാര്‍മികത്വം വഹിക്കും. 10.30ന് നടക്കുന്ന തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് തൃശൂര്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോസ് കോനിക്കര കാര്‍മികനാകും.
റവ. ഡോ. ആന്റു ആലപ്പാടന്‍ തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് മൂന്ന് വിശുദ്ധ കുര്‍ബാനകള്‍ നടക്കും. കാല് ലക്ഷത്തിലേറെ പേര് ഊട്ടുതിരുനാളില്‍ പങ്കെടുക്കുമെന്നും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും ഭാരവാഹികള്‍ അറിയിച്ചു. വികാരി ഫാ.ഡേവീസ് ചെറയത്ത്, പിആര്‍ഒ ബൈജു വാഴക്കാല, ജനറല്‍ കണ്‍വീനര്‍ മനോജ് കോഴിക്കുന്നേല്‍, പബ്ലിസിറ്റി കണ്‍വീനര്‍ ജെയ്ക്കബ് നടുവില്‍പീടിക തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
ഏനാമാക്കൽ പള്ളി
ഏനാമാക്കൽ: പരിശുദ്ധ കർമ്മലമാതാവിൻ ദേവാലയത്തിൽ പരിശുദ്ധ കന്യകാ മറിയത്തിന്റെ സ്വർഗാരോപണ തിരുനാൾ തുടങ്ങി. വൈകീട്ട് നടന്ന വിശുദ്ധ കുർബാനയെ തുടർന്ന് വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ എഴുന്നള്ളിച്ചുവച്ചു. ഭക്തി സാന്ദ്രമായ വേസ്പര ,തിരിവെഞ്ചരിപ്പ് എന്നിവക്ക് നിരവധി വിശ്വാസികൾ പങ്കുചേർന്നു.
വികാരി ഫാ. ജെയ്സൺ തെക്കുംപുറം തിരുനാൾ തിരുകർമങ്ങൾക്ക് നേതൃത്വം നൽകി. വർണമഴ, നേർച്ച വിരുന്ന് , ബാൻഡ് മേളം ഫ്യൂഷൻ എന്നിവയും ഉണ്ടായിരുന്നു.
തിരുനാൾ ദിവസമായ ഇന്നുരാവിലെ 6.30 നും വൈകീട്ട് നാലിനും വിശുദ്ധ കുർബാന നടക്കും. പത്തു മണിക്കുള്ള ആഘോഷമായ തിരുനാൾ ഗാനപൂജക്ക് ഫാ. ജിയോ വേലുകാരൻ മുഖ്യകാർമികത്വം വഹിക്കും. ഫാ. ജോയ് മാളിയേക്കൽ തിരുനാൾ സന്ദേശം നൽകും. വൈകിട്ട് അഞ്ചിന് വാദ്യമേളങ്ങളുടെയും മുത്തുകുടകളുടെയും അകമ്പടിയോടെ ഭക്തിസാന്ദ്രമായ തിരുനാൾ പ്രദക്ഷിണം നടക്കും. ദർശന സഭ പ്രസിഡന്റ്് എ.ടി. ജോസ്, ടി.ഡി. ഔസേപ്പ്, ടോമി തോലത്ത്, ജിൽസൺ തോമാസ് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് തിരുനാളിന് നേതൃത്വം നൽകുന്നത്.
അന്തിക്കാട് പള്ളി
അന്തിക്കാട്: സെന്റ് ആന്റണീസ് പള്ളിയിൽ വിശുദ്ധ അന്തോണീസിന്റെയും വിശുദ്ധ യൂദാശ്ലീഹായുടെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും സംയുക്ത ഊട്ടുതിരുനാളിന് തുടക്കമായി. വൈകീട്ട് ലദീഞ്ഞ്, നൊവേന എന്നിവയ്ക്കു ശേഷം ആഘോഷമായ ദിവ്യബലിയും തുടർന്ന് വിശുദ്ധരുടെ രൂപങ്ങൾ എഴുന്നള്ളിച്ചുള്ള പ്രതിഷ്ഠയും നടന്നു.
ഇന്നു രാവിലെ 6.45 ന് വിശുദ്ധ കുർബാന, തുടർന്ന് സ്വാതന്ത്ര്യദിന പതാക ഉയർത്തൽ.
രാവിലെ 10ന് പാവറട്ടി അസി. വികാരി ഫാ. ഡേവിസ് പുലിക്കോട്ടിലിന്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന. വലപ്പാട് കപ്പുച്ചിൻ ആശ്രമത്തിലെ ഫാ. ജിന്റോ പേരെപ്പാടൻ തിരുനാൾ സന്ദേശം നൽകും. വികാരി ഫാ. ഡഗ്ളസ് പീറ്റർ സഹകാർമികനായിരിക്കും. തുടർന്ന് നേർച്ച ഊട്ട് നടക്കും.
ട്രസ്റ്റി ഇ.വി. ജോസ് കൺവീനർ, കെ.എ. ജോസഫ് ജോയിൻ് കൺവീനർ, മിൽട്ടൻ തട്ടിൽ ട്രഷറർ എന്നിവർ നേതൃത്വം നൽകും.
ആൽത്തറ കപ്പേള
പുന്നയൂർക്കുളം: ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയുടെ ആൽത്തറ സെന്ററിലെ കപ്പേളയിൽ പരിശുദ്ധമാതാവിന്റെ സ്വർഗാരോപണതിരുനാൾ ഇന്ന് ആഘോഷിക്കും.
രാവിലെ 9.30നു തിരുനാൾകുർബാന, നൊവേന, തുടർന്നു മാതാവിന്റെ കിരീടം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം കപ്പേളയിലേക്ക്. കപ്പേളയിൽ പ്രത്യേക പ്രാർഥനയും ലദീഞ്ഞും നേർച്ചവിതരണവും. ഫാ. ഡെന്നീസ് മാറോക്കി കാർമികത്വം വഹിക്കും. വൈകീട്ട് ആറിനു സിഎൽസി. വാർഷികപരിപാടികൾ നടത്തും.