അടച്ചിട്ട വീട് കുത്തിത്തുറന്ന് സ്വര്‍ണം കവര്‍ന്ന പ്രതി അറസ്റ്റിൽ
1397164
Sunday, March 3, 2024 7:54 AM IST
കുന്നംകുളം: പോര്‍ക്കുളം കമ്പിപ്പാലത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് സ്വര്‍ണം കവര്‍ന്ന പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. ചാലക്കുടി പരിയാരം സ്വദേശി ചെറിയക്കര വീട്ടില്‍ ജെയ്സനെയാണ് കുന്നംകുളം സ്റ്റേഷന് ഹൗസ് ഓഫീസര്‍ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 13നു രാവിലെ 10 മണിക്കും 19നു രാവിലെ 9.45നും ഇടയിലുള്ള സമയത്താണ് മോഷണം നടന്നത്. കമ്പിപ്പാലം സ്വദേശിനി ഇന്ദിരയുടെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച 1.30 ലക്ഷം രൂപ വിലവരുന്ന രണ്ടര പവനോളം തൂക്കം വരുന്ന മാലയാണ് പ്രതി കവര്‍ന്നത്.
വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന് അകത്തുകയറിയ പ്രതി ബെഡ്റൂമിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണമാണ് കവര്‍ന്നത്. തുടര്‍ന്ന് വീട്ടുകാര്‍ കുന്നംകുളം പോലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് സിസിടിവി കാമറകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
വൈദ്യപരിശോധനയ്ക്കു ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി. ജയിലിലായിരുന്ന പ്രതി അടുത്തിടെയാണ് പുറത്തിറങ്ങിയത്.സമാനമായ രീതിയില്‍ സമീപത്തെ വീട്ടിലും ഇയാള്‍ മോഷണശ്രമം നടത്തിയിട്ടുണ്ട്.