അമ്മയെ വെട്ടാന്‍ ഒരുങ്ങിയ മകൻ; പോലീസ് കീഴ്പ്പെടുത്തി
1374090
Tuesday, November 28, 2023 1:57 AM IST
തൃശൂര്‍: കഴിഞ്ഞ ദിവസം രാത്രി തൃശൂര്‍ ടൗണ്‍ വെസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോണ്‍സന്ദേശം വന്നു. രാത്രി ഒമ്പതുമണിയായിക്കാണും. കോട്ടപ്പുറം പ്രദേശത്തെ ഒരു വീട്ടില്‍ അക്രമം നടക്കുന്നു, അടിയന്തരമായി അവിടേക്ക് എത്തണം എന്നാണ് സന്ദേശം. ഡ്യൂട്ടിയിലുണ്ടായിരുന്ന സബ് ഇന്‍സ്പെക്ടര്‍ അനൂപ്, സിപിഒമാരായ അജിത് ലാല്‍, രഞ്ജിത്, ഹോംഗാര്‍ഡ് ബേബി എന്നിവര്‍ വാഹനത്തില്‍ കയറി, നിമിഷനേരം കൊണ്ടുതന്നെ സ്ഥലത്തെത്തി.
വീടിനു മുമ്പില്‍ അഞ്ചാറുപേര്കൂടി നില്‍ക്കുന്നുണ്ട്. അതുകണ്ടപ്പോഴേ എന്തോ പന്തികേടുണ്ടെന്നു തോന്നി. വീടിനകത്തുനിന്നും വലിയ ബഹളം കേള്‍ക്കുന്നുണ്ട്. എന്താണ് സംഭവമെന്ന് അവിടെ കൂടിയിരുന്നവരോടു പോലീസ് ഉദ്യോഗസ്ഥര്‍ ചോദിച്ചു.
വീടിനകത്ത് ഒരു ചെറുപ്പക്കാരനുണ്ട്. അയാള്‍ വെട്ടുകത്തിയെടുത്ത് അമ്മയെ കൊല്ലുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണ്. പോലീസ് ഉദ്യോഗസ്ഥര്‍ പതുക്കെ വീടിന്റെ വരാന്തയിലേക്കു കടന്നു. സാധനങ്ങളൊക്കെ ആകെ വാരിവലിച്ചെറിഞ്ഞിരിക്കുകയാണ്. പ്രായമായ ഒരു സ്ത്രീ കരയുന്ന ശബ്ദം.
""അരുത് മോനേ, അങ്ങനെ ചെയ്യല്ലേ...'' പ്രായമായ സ്ത്രീ അവനോടു കരഞ്ഞ് പറയുകയാണ്. പെട്ടെന്നാണ് അവന് അലറിക്കൊണ്ട് റൂമിനു പുറത്തേക്കു വന്നത്. അവന്റെ കൈയില്‍ ഒരു വെട്ടുകത്തിയുമുണ്ട്.
""എനിക്ക് കൊല്ലണം, ഞാന്‍ എല്ലാവരെയും കൊല്ലും.'' പോലീസുദ്യോഗസ്ഥരെ കണ്ടതും അവന് കൂടുതല്‍ രോഷാകുലനായി. കൈയില്‍ ആയുധവുമായി രോഷത്തോടെ നില്ക്കുന്ന ചെറുപ്പക്കാരനെ എങ്ങനെ നേരിടും. സബ് ഇന്‍സ്പെക്ടര്‍ അനൂപും സംഘവും വളരെ സംയമനത്തോടെയാണ് അയാളെ സമീപിച്ചത്. അയാൾ വെട്ടുകത്തിയെടുത്ത് ചുറ്റുപാടും വീശി. പോലീസ് ഉദ്യോഗസ്ഥര്‍ അകലേക്ക് മാറി നിന്നു.
ധൈര്യം സംഭരിച്ച്
ഹോംഗാര്‍ഡ്
എത്രനേരം കഴിഞ്ഞിട്ടും അവന് അനുസരിക്കുന്നില്ലെന്ന ഘട്ടം വന്നപ്പോള്‍, പോലീസ് സംഘത്തിലെ ഹോം ഗാര്‍ഡ് ബേബി, പതുക്കെ അവന്റെ അടുത്തേക്കു ചെന്നു. അനുനയിപ്പിക്കാന്‍ ശ്രമിക്കുന്ന ഭാവത്തില്‍ അവനെ കെട്ടിപ്പിടിച്ചു. അവന് കുതറാന്‍ ശ്രമിച്ചു. പെട്ടെന്നുതന്നെ എല്ലാ പോലീസുദ്യോഗസ്ഥരും ചേര്‍ന്ന് ബലംപ്രയോഗിച്ച് അവന്റെ കൈവശമുണ്ടായിരുന്ന വെട്ടുകത്തി പിടിച്ചെടുത്തു, അപകടനില ഒഴിവാക്കി.
മയക്കുമരുന്നിന് അടിമയായി അക്രമാസക്തനായ ചെറുപ്പക്കാരനെ കുടുംബാംഗങ്ങളോടൊപ്പം ആശുപത്രിയിലെത്തിക്കുന്നതിനുള്ള സഹായങ്ങളും ചെയ്തുകൊടുത്തതിനുശേഷമാണ് പോലീസുകാർ സ്റ്റേഷനിലേക്കു മടങ്ങിയത്.
നമുക്ക് ഒരുമിക്കണം
ചെറുപ്പക്കാര്‍ക്കിടയില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന മയക്കുമരുന്ന് ദുരുപയോഗത്തിന്റെ നേര്‍ച്ചിത്രമാണ് പറഞ്ഞത്. കുടുംബത്തിന് അത്താണിയാകേണ്ട യുവാക്കള്‍ ലഹരിവസ്തുക്കള്‍ക്ക് അടിമയാകുന്നതോടെ കുടുംബത്തിന്റെ ഭാവി ഒന്നടങ്കം അനിശ്ചിതത്വത്തിലും അപകടത്തിലുമാകുന്നു. അങ്ങനെ കുറേ കുടുംബങ്ങള്‍ ചേര്‍ന്നതാണല്ലോ നമ്മുടെ സമൂഹം. സമൂഹത്തിനെതിരായ ഈ യുദ്ധത്തില്‍ നാം ഒന്നിച്ച് അണിചേരുക തന്നെ വേണം. എങ്കില്‍ മാത്രമേ നാം വിജയിക്കുകയുള്ളൂ: പോലീസ് പറയുന്നു.