കിതച്ചോടിയ പാതകൾ ഓർമകളാക്കി വിശ്രമത്തിലല്ല, തുരുന്പെടുത്തു നശിക്കാനുള്ള ശരശയ്യയിലാണ്- റോഡരികിലും പോലീസ് സ്റ്റേഷനു സമീപവും തുരുന്പെടുത്തു നശിക്കുന്ന ആയിരക്കണക്കിനു വാഹനങ്ങളെക്കുറിച്ചാണു പറയുന്നത്. കേസുകളിലും അപകടങ്ങളിലുംപെട്ടു പോലീസ് കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങളാണു നശിക്കുന്നത്. ടിപ്പർ ലോറികൾ, ടെന്പോ ട്രാവലർ, ബസ്, ജീപ്പ്, കാർ, ഇരുചക്രവാഹനങ്ങൾ എന്നിവയെല്ലാം ഇതിലുൾപ്പെടും.
കേസിലുൾപ്പെടുമെന്നറിഞ്ഞു പ്രതികൾ നടതള്ളുന്ന വാഹനങ്ങൾമുതൽ കോടികൾ വിലമതിക്കുന്ന പുതുപുത്തൻവരെ ഇക്കൂട്ടത്തിലുണ്ട്. വർഷങ്ങളായി കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ സാക്ഷ്യപത്രങ്ങൾ. തൃശൂർ ജില്ലയിൽ മാത്രം ആയിരക്കണക്കിനു വാഹനങ്ങളാണു ദ്രവിച്ചു തീരുന്നത്. കേസ് അനുകൂലമായാലും മാസങ്ങളും വർഷങ്ങളും ഉപയോഗിക്കാതെ കിടക്കുന്ന വാഹനങ്ങൾ ഒരിക്കലും നിരത്തിലിറക്കാനാകില്ല.
മോഷണം വെല്ലുവിളി...
കേസുകളിൽപെട്ടു റോഡരികിൽ കിടക്കുന്ന വാഹനങ്ങൾ മോഷ്ടാക്കളുടെ ഇഷ്ടവസ്തുവാണ്. ചക്രങ്ങളും ബാറ്ററിയും മ്യൂസിക് സിസ്റ്റവുമെല്ലാം ഇവർക്കു പ്രിയങ്കരം.
ഇനിയും ബാക്കി...
കേസിൽപ്പെട്ടു കെട്ടിക്കിടക്കുന്ന വാഹനങ്ങൾ ലേലം ചെയ്തു വിൽക്കണമെന്ന സർക്കാർ നിർദേശത്തെത്തുടർന്ന് ഇവയുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും പേരാമംഗലം, പുതുക്കാട്, ഒല്ലൂർ, വിയ്യൂർ, കൊരട്ടി സ്റ്റേഷനുകളിൽ ഇന്നും കോടിക്കണക്കിനു രൂപയുടെ വാഹനങ്ങൾ കെട്ടിക്കിടക്കുന്നു. അപകടങ്ങളുടെ ബാക്കിപത്രമെന്നോണം ദേശീയപാതയോരങ്ങളിലും നിരവധി വാഹനങ്ങൾ ഉപേക്ഷിച്ചനിലയിലുണ്ട്.
ലേലം ഇരുന്പുവിലയ്ക്ക്...
പോലീസ് കസ്റ്റഡിയിൽ 10 വർഷം കഴിഞ്ഞാൽ വാഹനത്തിന് ഇരുന്പുവിലമാത്രമാണു കണക്കാക്കുക. ആദ്യലേലത്തിൽ ആരുമില്ലെങ്കിൽ 10 ശതമാനം കുറച്ച് വീണ്ടും ലേലം ചെയ്യണം. അപ്പോഴും വാങ്ങാനാളില്ലെങ്കിൽ ഇരുന്പുവിലയ്ക്കു വിൽക്കാം. ഉടമസ്ഥനില്ലാതെ പൊതുവഴിയിലും മറ്റും കാണുന്ന വാഹനങ്ങൾ കസ്റ്റഡിയിലെടുത്താൽ കേസ് ജില്ലാ പോലീസ് മേധാവിയുടെയോ കമ്മിഷണറുടെയോ മുന്പിലെത്തണം. അവകാശികൾക്കായി പരസ്യം ചെയ്യണം. മൂന്നു മാസത്തിനകം അവകാശിയെത്തിയാൽ തിരിച്ചു നൽകണം.
കേസിലുൾപ്പെടുന്ന വാഹനങ്ങൾ നശിക്കാൻ ഇടവരുത്താതെ വേഗത്തിൽ വിട്ടുനൽകണമെന്നു ഡിജിപിയുടെ ഉത്തരവുമുണ്ട്. വാഹനം പിടിച്ചെടുത്താൽ രണ്ടാഴ്ചയ്ക്കകം ചിത്രമെടുത്തു നടപടികൾ പൂർത്തി
യാക്കി കോടതിമുന്പാകെയെത്തിക്കണമെന്നാണു നിർദേശം.
കോടതി നിർദേശിച്ചില്ലെങ്കിൽ വാഹനങ്ങൾ കസ്റ്റഡിയിൽ സൂക്ഷിക്കേണ്ടതില്ല. വിട്ടുകൊടുക്കാൻ കോടതി നിർദേശിച്ചാൽ രണ്ടുമാസത്തിനുള്ളിൽ നടപടിയുണ്ടാകണം. ലേലത്തിൽ വിൽക്കാൻ നിർദേശിച്ചാൽ രണ്ടാഴ്ചയ്ക്കകം നടപടി തുടങ്ങി ആറുമാസത്തിനകം പൂർത്തിയാക്കണം. ജില്ലാ പോലീസ് മേധാവിയുടെ അധ്യക്ഷതയിലുള്ള വിദഗ്ധസമിതിയാണ് വാഹനത്തിന്റെ വില നിശ്ചയിക്കേണ്ടത്. ആ വില വാഹന ഉടമയെയും ഇൻഷ്വറൻസ് കന്പനികളെയും അറിയിച്ചിട്ടു നടപടിയുണ്ടായില്ലെങ്കിൽ ലേലം ചെയ്യാമെന്ന നിർദേശം വൈകുന്നതാണ് പ്രശ്നങ്ങൾക്കെല്ലാം കാരണം. വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച് ഇ-ലേലം വഴിയാണ് വാഹനങ്ങളുടെ വിൽപ്പന.
സ്ക്രാപ്പിംഗ് പോളിസിയും തിരിച്ചടി...
2021 കേന്ദ്ര ബജറ്റിൽ സ്വകാര്യ-
വാണിജ്യ വാഹനങ്ങളുടെയും പരമാവധി ഉപയോഗ കാലം നിശ്ചയിച്ചിട്ടുണ്ട്.
ഇതുപ്രകാരം പരമാവധി 20 വർഷമാണ് സ്വകാര്യ വാഹനങ്ങളുടെ ഉപയോഗകാലം. വാണിജ്യ വാഹനങ്ങൾ 15 വർഷവും ഉപയോഗിക്കാം. ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ പ്രോത്സാഹിപ്പിക്കുക, അന്തരീക്ഷ മലിനീകരണം തടയുക എന്ന ഉദ്ദേശത്തോടെ സർക്കാർ നടപ്പാക്കിയ നിയമം മൂലം വർഷാവർഷം ആയിരക്കണക്കിനു വാഹനങ്ങളാണു പുറന്തള്ളുന്നത്.
പേരാമംഗലം സ്റ്റേഷൻ
പേരാമംഗലം പോലീസ് സ്റ്റേഷനിൽ നിരവധി വാഹനങ്ങളാണ് കെട്ടിക്കിടക്കുന്നത്. റോഡുപണിയെത്തുടർന്ന് റോഡരികിലുണ്ടായിരുന്ന വാഹനങ്ങളും അടുത്തിടെ -ശവപ്പറന്പി-ലെത്തിച്ചു. നാൽക്കാലികളുടെലും ഇഴജന്തുക്കളുടെയും കേന്ദ്രമാണിവിടം.
പാവറട്ടി സ്റ്റേഷൻ
പാവറട്ടി പോലീസ് സ്റ്റേഷനിൽ നിരവധി വാഹനങ്ങളാണു കാടുകയറിക്കിടക്കുന്നത്. സ്റ്റേഷൻ വളപ്പു കവിഞ്ഞു റോഡരികിലും സ്ഥാനംപിടിച്ചു. സ്റ്റേഷനു മുന്നിലെ പൊതുമരാമത്ത് റോഡരികിൽ പത്തു വാഹനങ്ങളിലാണു കാടുകയറിയത്. നിരവധി ബസ്സുകളും ടിപ്പർ ലോറികളും നിത്യേന കടന്നുപോകുന്ന വീതി കുറഞ്ഞ, തിരക്കേറിയ റോഡരികിലെ കസ്റ്റഡി വാഹനങ്ങൾ യാ
ത്രക്കാർക്ക് ബുദ്ധിമുട്ടാണ്.
ചാലക്കുടി സ്റ്റേഷൻ
ചാലക്കുടി പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ മുന്പിലെ റോഡിലാണുള്ളത്. താലൂക്ക് ആശുപത്രിയിലേക്കുള്ള വീതി കുറഞ്ഞ റോഡിൽ വാഹനങ്ങൾ കിടക്കുന്നത് ആംബുലൻസുകൾക്കുൾപ്പെടെ കുരുക്കാണ്. മുന്പു ഡിവൈഎസ്പി ഓഫീസ് വളപ്പിലായിരുന്നു വാഹനങ്ങൾ. കെട്ടിടങ്ങൾ പണിതതോടെ ഇവിടെ സ്ഥലമില്ലാതായി. മറ്റിടങ്ങളിൽ പാർക്ക് ചെയ്താൽ വാഹനം മോഷണം പോയാൽ പോലീസ് ഉത്തരവാദിയാകും. വാഹനങ്ങൾ മാറ്റണമെന്ന് ആവശ്യപ്പെട്ടു നിരവധി സമരങ്ങൾ നടന്നെങ്കിലും പ്രശ്നത്തിനു പരിഹാരമായില്ല. ഓട്ടോറിക്ഷകൾ മുതൽ വിലപിടിപ്പുള്ള കാറുകൾവരെ റോഡരികിലുണ്ട്.
കൊരട്ടി സ്റ്റേഷൻ
കൊരട്ടി പോലീസ് സ്റ്റേഷൻ പരിസരത്തും ദേശീയപാതയോരത്തുമാണു വാഹനങ്ങൾ കെട്ടിക്കിടക്കുന്നത്. പരിമിതമായ സ്റ്റേഷൻ വളപ്പിൽ ഇരുചക്ര വാഹനങ്ങൾ നിറഞ്ഞതോടെയാണു പാതവക്കുകളിലേക്കു മാറ്റിയത്. ഇരുചക്രവാഹനങ്ങൾ, ഓട്ടോറിക്ഷകൾ, കാർ, മിനിലോറികൾ, ടിപ്പറുകൾ, ടോറസ് അടക്കമുള്ള വാഹനങ്ങളാണു നശിക്കുന്നത്. കാടുമൂടിയ വാഹനങ്ങൾ ഇഴജന്തുക്കളുടെയും കേന്ദ്രമാണിവിടം. കേസുകൾ അനുകൂലമായാലും ഇവ തിരിച്ചെടുക്കാൻ ആരും തയാറാകുന്നില്ല. ഇത്തരം വാഹനങ്ങൾ പാർക്ക് ചെയ്യാൻ വെഹിക്കിൾ യാർഡ് ഒരുക്കണമെന്നാണ് ആവശ്യം.