ബൈക്കപകടത്തിൽ രണ്ടുപേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
1337402
Friday, September 22, 2023 2:10 AM IST
പട്ടിക്കാട്: ദേശീയപാതയിൽ ചെമ്പൂത്രയ്ക്കും പാണഞ്ചേരിക്കും ഇടയിൽ ബൈക്ക് അപകടത്തിൽപ്പെട്ട് രണ്ടുപേർക്ക് പരിക്കേറ്റു.
മലപ്പുറം ചങ്ങരംകുളം സ്വദേശി പൂവക്കാട്ട് വീട്ടിൽ അക്ഷയ്(20), അനഘ(18) എന്നിവർക്കാണ് പരിക്കേറ്റത്. തലയ്ക്ക് സാരമായി പരിക്കേറ്റ അനഘയുടെ നില അതീവഗുരുതരമായി തുടരുന്നു. ഇരുവരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 12.20 ഓടെയാണ് പാലക്കാട് ഭാഗത്തേക്കുള്ള പാതയിൽ അപകടമുണ്ടായത്. ദേശീയപാതയോടുചേർന്നുള്ള അയേൺ ക്രാഷ് ബാരിയറിൽ തട്ടിയ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
ശബ്ദംകേട്ട് സമീപത്തെ വർക്ഷോപ്പ് ജീവനക്കാർ ഓടിയെത്തുമ്പോൾ രണ്ടുപേരും റോഡിൽ വീണുകിടക്കുകയായിരുന്നു. ബൈക്ക് 100 മീറ്ററോളം ദൂരം മുന്നോട്ടുനീങ്ങി ഡിവൈഡറിൽ ഇടിച്ചുകിടക്കുന്ന നിലയിലായിരുന്നു. അപകടകാരണം വ്യക്തമല്ല. പീച്ചി പോലീസ്, ദേശീയപാത റിക്കവറി വിംഗ് എന്നിവർ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.