ഗ്രാമവണ്ടി നാളെ മുതല്‍ മുടക്കുഴയിലൂടെ ഓടും
1601516
Tuesday, October 21, 2025 2:57 AM IST
പെരുമ്പാവൂര്‍: മുടക്കുഴ പഞ്ചായത്ത് -ചൂരമുടി റൂട്ടില്‍ പുതിയ ഗ്രാമവണ്ടി വരുന്നു. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എ.ടി. അജിത്കുമാറിന്റെ ഡിവിഷന് ഫണ്ട് ഉപയോഗിച്ചാണ് ഗ്രാമവണ്ടി പദ്ധതി നടപ്പിലാക്കുന്നത്.
നാളെ രാവിലെ 11ന് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ തൃക്കേപ്പാറയില്‍ ഫ്ലാഗ് ഓഫ് ചെയ്യും. രാവിലെ 7ന് പെരുമ്പാവൂരില്‍ നിന്നും ആരംഭിച്ച് കുറുപ്പംപടി, ഐമുറി, തൃക്കപ്പടി, തൃക്കേപ്പാറ, മുടക്കുഴ പഞ്ചായത്ത്, ആനക്കല്ല്, കണ്ണന്ചേരിമുകള്, നെടുങ്കണ്ണി, മീമ്പാറ, ചൂരമുടി എന്നിങ്ങനെയാണ് വാഹനത്തിന്റെ റൂട്ട്.
രാവിലെ 7, ഉച്ചക്ക് ഒന്ന്, വൈകിട്ട് 4.40 സമയങ്ങളിൽ പെരുമ്പാവൂരിൽ നിന്നും ചൂരമിടിയിലേക്കും , രാവിലെ 8, ഉച്ചകഴിഞ്ഞ് രണ്ട്, വൈകിട്ട് 5.30 സമയങ്ങളിൽ തിരിച്ചും ബസ് ഓടും. യാത്ര ക്ലേശം അനുഭവിക്കുന്ന തൃക്കേപ്പാറ, ആനക്കല്‍, മീമ്പാറ ഭാഗത്തുള്ളവര്‍ക്ക് ഗ്രാമവണ്ടി ഉപകാരപ്പെടും. മുടക്കുഴ പഞ്ചായത്ത്, കൃഷി ഭവന്, ആയുര്‍വേദ ആശുപത്രി, മുടക്കുഴ സര്‍വീസ് സഹകരണബാങ്ക്, മുടക്കുഴ യുപി സ്കൂള്‍, തൃക്ക ക്ഷേത്രം എന്നിവയെല്ലാം ഈ റൂട്ടിലാണ് സ്ഥിതി ചെയ്യുന്നത്.
വാഹന സൗകര്യം കുറഞ്ഞ റൂട്ടുകളില്‍ മെച്ചപ്പെട്ട സൗകര്യം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പിന്നീട് കൂടുതല്‍ റൂട്ടുകളിലേക്ക് ഗ്രാമവണ്ടി സൗകര്യം ഏര്‍പ്പെടുത്തുമെന്നും എ.ടി. അജിത്കുമാര്‍ അറിയിച്ചു.