അരീക്കൽ വെള്ളച്ചാട്ടത്തിന്റെ ദൃശ്യഭംഗി പകർത്തി ചിത്രകലാ ക്യാമ്പ്
1601513
Tuesday, October 21, 2025 2:57 AM IST
പിറവം: അരീക്കൽ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത രേഖാചിത്രത്തിലൂടെ കാൻവാസിൽ പകർത്തിയ ചിത്രകലാ ക്യാമ്പ് ശ്രദ്ധേയമായി. കേരള ചിത്രകലാ പരിഷത്ത് ജില്ലാ സമിതിയുടെ നേതൃത്വത്തിലാണ് വരയരുവി എന്ന പേരിൽ പാമ്പാക്കുടയിലെ അരീക്കലിൽ പരിപാടി സംഘടിപ്പിച്ചത്.
വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ഓരോരുത്തരും ചിത്രങ്ങളിലൂടെ പകർത്തിയത് ഇവിടെയെത്തിയ ടൂറിസ്റ്റുകൾക്കും, നാട്ടുകാർക്കും നവ്യാനുഭവം പകർന്നു. രേഖാ ചിത്രരചന നടത്തിയതും ശ്രദ്ധേയമായി. ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ആശാ സനിൽ നിർവഹിച്ചു. വാർഡ് മെമ്പർ തോമസ് തടത്തിൽ അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗം റീജ മോൾ ജോബി, ചിത്രകാരന്മാരായ ശിവദാസ് എടയ്ക്കാട്ടുവയൽ, ജയൻ ടെറാക്രാഫ്റ്റ് എന്നിവർ പ്രസംഗിച്ചു. ക്യാമ്പ് കൺവീനർ ബേബി മണ്ണത്തൂർ, ജില്ലാ പ്രസിഡന്റ് ഗോപി സംക്രമണം, സെക്രട്ടറി ഡഗ്ലസ് കൊച്ചി, വർഗീസ് പീറ്റർ എന്നിവർ നേതൃത്വം നൽകി.