ഉദ്ഘാടനം കഴിഞ്ഞ് മാസം ഒന്നാകുന്നു ; അടുപ്പ് പുകയാതെ ജിസിഡിഎ ഫുഡ്സ്ട്രീറ്റ്
1601526
Tuesday, October 21, 2025 2:57 AM IST
കൊച്ചി: ഉദ്ഘാടനം കഴിഞ്ഞ ഒരു മാസം ആകാറായിട്ടും അടുപ്പ് പുകയാതെ ജിസിഡിഎയുടെ ഫുഡ്സ്ട്രീറ്റ്. ഫുഡ്കോര്‍ട്ട് പ്രവര്‍ത്തിക്കാനാവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടും കടമുറികള്‍ ടെന്‍ഡര്‍ എടുക്കാന്‍ ആളുകള്‍ മുന്നോട്ടു വരാത്തതാണ് തടസമായിരിക്കുന്നത്. പുതുതായി ആരും വന്നില്ലെങ്കിലും നിലവില്‍ ടെൻഡര്‍ എടുത്തിട്ടുള്ള കടകള്‍ നവംബർ ഒന്ന് മുതല്‍ പ്രവര്‍ത്തിച്ച് തുടങ്ങുമെന്ന് ജിസിഡിഎ വ്യക്തമാക്കി.
120 ചതുരശ്രയടി, 60 ചതുരശ്രയടി എന്നിങ്ങനെ രണ്ടു വലിപ്പത്തില്‍ 20 ഭക്ഷണശാലകളാണ് ഫുഡ്സ്ട്രീറ്റില്‍ സജ്ജീകരിച്ചിട്ടുള്ളത്. ഇരിപ്പിടങ്ങള്‍, ലൈറ്റിംഗ്, വാഷ് ഏരിയകള്‍, ടോയ്ലെറ്റ് സംവിധാനങ്ങള്‍, ഖരദ്രാവക മാലിന്യ സംസ്കരണ സംവിധാനം, സുരക്ഷാ സംവിധാനങ്ങള്‍, പാര്‍ക്കിംഗ് സൗകര്യം എന്നിങ്ങനെ എല്ലാവിധ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. എന്നിട്ടും ഏഴു കടകള്‍ മാത്രമേ ഏറ്റെടുക്കാന്‍ ആളുകള്‍ ഉണ്ടായിരുന്നുള്ളൂ. കടകളുടെ വലുപ്പക്കുറവും ഇവിടേക്ക് ആളുകള്‍ എത്തിപ്പെടുന്നതിലെ ബുദ്ധിമുട്ടുമൊക്കെയാണ് കടകള്‍ ഏറ്റെടുക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്.
20 കടമുറികളില്‍ എട്ട് എണ്ണം ജനറല്‍ വിഭാഗത്തിനും ആറെണ്ണം വനിതകള്‍ക്കും പട്ടികജാതി വിഭാഗത്തിന് രണ്ടും പട്ടിക വര്‍ഗം, സമൃദ്ധി അറ്റ് കൊച്ചി, ട്രാന്‍സ്ജെന്‍ഡര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കായി ഓരോന്നും കടമുറികളാണ് സംവരണം ചെയ്തിട്ടുള്ളത്. ഇതില്‍ ജനറല്‍ വിഭാഗത്തില്‍ മൂന്നു കടമുറികള്‍ ഏറ്റെടുത്തിട്ടുണ്ട്. വനിതാ വിഭാഗത്തില്‍ രണ്ടെണ്ണം ഏറ്റെടുത്തു.
സമൃദ്ധി അറ്റ് കൊച്ചിക്കും ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിനും നീക്കിവച്ച ഓരോ കടമുറികളും ടെൻഡര്‍ എടുത്തിട്ടുണ്ട്. ജനറല്‍ വിഭാഗത്തില്‍ അഞ്ചും പട്ടികജാതി വിഭാഗത്തിനുള്ള രണ്ടും പട്ടികവര്‍ഗം, ഭിന്നശേഷി എന്നിവര്‍ക്കായുള്ള ഓരോ കടമുറികളുമാണ് ഇനി ഏറ്റെടുക്കാനുള്ളത്.
ചതുരശ്രയടിക്ക് 200 രൂപയാണ് വാടക. കൂടാതെ വെള്ളം, വൈദ്യുതി, പാര്‍ക്കിംഗ്, സെക്യൂരിറ്റി, മാലിന്യ സംസ്കരണം എന്നിവയ്ക്കായി 200 രൂപ വീതം സര്‍വീസ് ചാര്‍ജും നല്‍കണം. ടേബിളുകളില്‍ നിന്ന് പാത്രങ്ങളും ഭക്ഷണ മാലിന്യവും നീക്കുന്നതിനായി ജിസിഡിഎ തന്നെ ജീവനക്കാരെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതും സര്‍വീസ് ചാര്‍ജില്‍ ഉള്‍പ്പടും. 120 ചതുരശ്രയടി വരുന്ന കടമുറികള്‍ക്ക് 48,000 രൂപ വരെയും 60 ചതുരശ്രയടി വരുന്ന കടമുറിക്ക് 4,000 വരെയുമാണ് വാടക. ഇതു കൂടാതെ 11 മാസത്തെ വാടക സെക്യൂരിറ്റി ഡെപ്പോസിറ്റായും നല്‍കണം.
കേരളീയ വിഭവങ്ങള്‍, നോര്‍ത്ത് ഇന്ത്യന്‍, സൗത്ത് ഇന്ത്യന്‍, ചൈനീസ്, കോണ്ടിനെന്റല്, മില്ലറ്റ് അധിഷ്ഠിതം, ഫാസ്റ്റ് ഫുഡ്, ഡെസേര്‍ട്ടുകള്‍, പാനീയങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന രുചികള്‍ ഇവിടെ ലഭ്യമാകും. വൈകുന്നേരം ആരംഭിച്ച് രാത്രി വൈകി അവസാനിക്കും വിധമാകും പ്രവര്‍ത്തന സമയം. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ കേരള സര്‍ക്കാര്‍, ജിസിഡിഎ, എന്‍എച്ച്എം, കൊച്ചി നഗരസഭ, കേരള ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവയുടെ സംയുക്ത സംരംഭമായാണ് പദ്ധതി നടപ്പാക്കിയത്. കഴിഞ്ഞ മാസം 27നാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഫുഡ്കോര്‍ട്ട് ഉദ്ഘാടനം ചെയ്തത്.