കോതമംഗലം ഡിപ്പോയിൽനിന്നും പുതിയ സർവീസുകൾ ആരംഭിക്കും: ഗതാഗത മന്ത്രി
1599070
Sunday, October 12, 2025 4:15 AM IST
കോതമംഗലം: നവംബർ പത്ത് മുതൽ കോതമംഗലത്തു നിന്ന് തിരുവനന്തപുരത്തേക്ക് പുതിയ കെഎസ്ആർടിസി പ്രീമിയം എസി സൂപ്പർ ഫാസ്റ്റ് സർവീസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. കോതമംഗലത്ത് പുതുതായി നിർമിച്ച ആധുനിക കെഎസ്ആർടിസി ബസ് ടെർമിനൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
കമ്പം -തേനി ഭാഗത്തേക്ക് രണ്ടു ബസുകൾ വേണമെന്ന് ആവശ്യമുയർന്നിരുന്നു. അതിൽ കമ്പത്തേക്കു പുതിയ സർവീസ് ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഫാസ്റ്റ് പാസഞ്ചർ സർവീസ് ആണ് അനുവദിക്കുക. വൈകാതെ തന്നെ ആരംഭിക്കും.
കോട്ടപ്പടി വഴി ഗുരുവായൂർക്ക് പുതിയ ലിങ്ക് ബസ് സർവീസ് ആരംഭിക്കും. ഒരുമാസം പരീക്ഷണാടിസ്ഥാനത്തിൽ നോക്കിയശേഷം, വിജയമാണെങ്കിൽ ഇത് തുടർന്നു കൊണ്ടു പോകും. നിലവിൽ ഒരു ലിങ്ക് ബസ് കോതമംഗലത്തിന് അനുവദിച്ചിട്ടുണ്ട്. അതുകൂടാതെയാണ് പുതിയ ബസ് വരുന്നത്.
കളമശേരി മെഡിക്കൽ കോളജിലേക്ക് പുതിയൊരു സർവീസ് ആരംഭിക്കാനും തീരുമാനമായിട്ടുണ്ട്. കോതമംഗലത്തുനിന്ന് ഗോത്രമേഖലയിലേക്ക് പുതിയ സർവീസ് ആരംഭിച്ചിരുന്നു. ഇതിനോട് നല്ല പ്രതികരണമാണ് ലഭിച്ചത്. ഭാവിയിൽ നിലവിലെ ബസിന് പകരം പുതിയ മിനി ബസ് അനുവദിക്കുന്ന കാര്യം പരിഗണിക്കും.
രാത്രി വരെ പെർമിറ്റ് ഉള്ള സ്വകാര്യ ബസുകൾ നേരത്തെ സർവീസ് അവസാനിപ്പിച്ച് ട്രിപ്പ് മുടക്കുന്നു എന്ന പരാതി ഉണ്ട്. ഇത്തരത്തിൽ സർവീസ് മുടക്കുന്ന സ്വകാര്യ ബസുകൾക്കെതിരേ കർശന നടപടി സ്വീകരിക്കും. ഇതിനായി അടുത്ത ദിവസം മുതൽ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന ആരംഭിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ബസ് ടർമിനൽ യാഥാർഥ്യമാക്കാൻ വിവിധതരത്തിൽ സഹായിച്ച വ്യക്തികളെയും സംഘടനകളെയും സ്ഥാപനങ്ങളെയും ചടങ്ങിൽ മന്ത്രി ആദരിച്ചു. ആന്റണി ജോൺ എംഎൽഎ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ കെ.കെ. ടോമി മുഖ്യാതിഥിയായി. കെഎസ്ആർടിസി എംഡി ഡോ. പി.എസ്. പ്രമോജ് ങ്കർ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.കെ. ചന്ദ്രശേഖരൻ നായർ, മിനി ഗോപി, ജെസി സാജു,
ഷിബു പടപ്പറമ്പത്ത്, എം.പി. ഗോപി, എഫ്ഐടി ചെയർമാൻ ആർ. അനിൽകുമാർ, എംപിഐ ചെയർമാൻ ഇ.കെ. ശിവൻ, മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ സി.കെ. ഹരികൃഷ്ണൻ, മറ്റ് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു