ആരക്കുഴയിൽ യുഡിഎഫിൽ വിള്ളൽ
1599069
Sunday, October 12, 2025 4:15 AM IST
മൂവാറ്റുപുഴ: ആരക്കുഴ പഞ്ചായത്തിൽ യുഡിഎഫ് മുന്നണി ബന്ധത്തിന് വിള്ളൽ വീഴുന്നു. പഞ്ചായത്തു തെരഞ്ഞെടുപ്പ് അടുത്തപ്പോൾ യുഡിഎഫ് എന്ന പേരു ചേർക്കാതെ ഇൻന്ത്യൻ നാഷണൽ കോൺഗ്രസ് ആരക്കുഴ മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് എന്ന പേരിൽ ആരക്കുഴ പെരുമ്പല്ലൂരിൽ ഓഫീസ് തുറന്നത് കേരള കോൺഗ്രസിനെ അവഗണിച്ചു കൊണ്ടാണെന്നാണ് ആരോപണം ഉയർന്നിട്ടുള്ളത്.
മുന്നണി ബന്ധം ഉപേക്ഷിച്ചു ഒറ്റക്ക് മത്സരിക്കാനുള്ള കോൺഗ്രസ് നീക്കമാണിതെന്നും കേരളാ കോൺഗ്രസ് ഇതിനെതിരേ പ്രതികരിക്കുന്നതായും മുവാറ്റുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് ഷൈസൺ പി. മാങ്ങഴ അറിയിച്ചു. വാർഡ് നറുക്കെടുപ്പ് ഈയാഴ്ച നടക്കാനിരിക്കെ അതിനു ശേഷം മുന്നണി ചർച്ച നടത്തി സീറ്റുകൾ തീരുമാനിക്കാമെന്ന നിലപാടിലായിരുന്നു നേതൃത്വം.
എന്നാൽ അതിനു മുമ്പേ കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് എന്ന പേരിൽ ഓഫീസ് തുറന്നതാണ് കേരള കോൺഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചത്.
മുന്നണി മര്യാദ പാലിക്കാൻ കോൺഗ്രസ് തയാറാകുന്നില്ലെങ്കിൽ ഒപ്പം സഹകരിക്കാൻ തയാറുള്ള കോൺഗ്രസ് പ്രവർത്തകരെയും സമാന ചിന്താഗതിയുള്ള ഇതര സംഘടനകളെയും കക്ഷികളെയും ഉൾപ്പെടുത്തി ഐക്യ ജനാധിപത്യ മുന്നണി ശക്തിപ്പെടുത്താൻ കേരളാ കോൺഗ്രസ് പാർട്ടി പ്രതിജ്ഞാബദ്ധമാകുമെന്നും വേണ്ടിവന്നാൽ എല്ലാ വാർഡുകളിലും സ്ഥാനാർഥികളെ മത്സരിപ്പിക്കുമെന്നും ഷൈസൺ പി. മാങ്ങഴ അറിയിച്ചു.
എന്നാൽ തെരഞ്ഞെടുപ്പ് പ്രാബല്യത്തിലാകും മുമ്പ് മുന്നൊരുക്കമെന്ന നിലയിൽ പ്രവർത്തകർ സൗകര്യപ്രദമായ ഒരു ഓഫീസ് തുറന്നതാണ് ഇതെന്ന് കോൺഗ്രസ് നേതൃത്വം പറയുന്നു.
വാർഡുകൾ പുനർനിർണയിച്ച് സ്ഥാനാർഥി ചർച്ച ആരംഭിക്കുമ്പോഴാണ് മുന്നണി ബന്ധം തീരുമാനമാകൂ എന്നും മുന്നണി വ്യവസ്ഥകൾ പാലിക്കാൻ എല്ലാവർക്കും കടമയുണ്ടെന്നും കോൺഗ്രസ് ആരക്കുഴ മണ്ഡലം പ്രസിഡന്റ് പോൾ ലൂയിസ് അറിയിച്ചു.
നിലവിലുള്ള ഭരണസമിതിക്കു മുമ്പുള്ള തവണ മുന്നണിക്കു ഭരണം ലഭിച്ചപ്പോൾ രണ്ടര വർഷത്തിൽ പ്രസിഡന്റ് സ്ഥാനം കൈമാറാമെന്ന വ്യവസ്ഥയുണ്ടായിരുന്നതായും എന്നാൽ ഇക്കാര്യം പാലിക്കപ്പെടാതെ പോയതും മണ്ഡലം പ്രസിഡന്റ് ചൂണ്ടിക്കാണിച്ചു. തുടർന്നു വന്ന തെരഞ്ഞെടുപ്പിൽ പതിമൂന്നിൽ പത്തു സീറ്റും നേടി കോൺഗ്രസ് പഞ്ചായത്തു ഭരണത്തിലെത്തുകയായിരുന്നു.