ജില്ലാ സ്കൂൾ കായികമേള : കപ്പിനോടടുത്ത് കോതമംഗലം
1599306
Monday, October 13, 2025 4:18 AM IST
കൊച്ചി: ട്രാക്കിലും പിറ്റിലും കൗമാര താരങ്ങള്‍ ജ്വലിച്ച ജില്ലാ സ്കൂള്‍ മീറ്റിന്റെ രണ്ടാം ദിനത്തിലും നിലവിലെ ചാമ്പ്യൻമാരായ കോതമംഗലം ഉപജില്ല എതിരാളികളില്ലാതെ കുതിപ്പ് തുടരുന്നു. ഇന്നലെ 14 സ്വര്‍ണംകൂടി പട്ടികയില്‍ ചേര്‍ത്ത് ആകെ മെഡല്‍ നേട്ടം 44 ആക്കി. 24 സ്വര്‍ണവും 14 വെള്ളിയും ആറ് വെങ്കലവുമുള്‍പ്പെടെ 169 പോയന്റാണ് കോതമംഗലത്തിന്റെ സമ്പാദ്യം.
11 സ്വര്‍ണവും ആറു വെള്ളിയും ഒന്‍പത് വെങ്കലവുമായി 102 പോയിന്റുള്ള അങ്കമാലി രണ്ടാം സ്ഥാനത്തും 44 പോയൻോടെ വൈപ്പിന്‍ ഉപജില്ല മൂന്നാം സ്ഥാനത്തുമുണ്ട്. മൂന്ന് സ്വര്‍ണവും ആറ് വെള്ളിയും നാല് വെങ്കലവുമാണ് വൈപ്പിനുള്ളത്.
സ്കൂള്‍ പോയിന്റ് പട്ടികയില്‍ കോതമംഗലം മാര്‍ ബേസില്‍ എച്ച്എസ്എസിനും എതിരില്ല. 18 സ്വര്‍ണവും 10 വെള്ളിയും അഞ്ച് വെങ്കലവും അടക്കം 125 പോയന്റാണ് രണ്ട് ദിനങ്ങളിലായി മാര്‍ ബേസില്‍ വാരിക്കൂട്ടിയത്. രണ്ടാം സ്ഥാനത്തുള്ള ഉപജില്ല നേടിയ പോയിന്റിനേക്കാൾ കൂടുതലാണ് ഇതെന്നതു കണക്കിലെടുക്കുമ്പോൾ തന്നെ മാർ ബേസിലിന്റെ ആദിപത്യം വ്യകാതമാകും.
സ്കൂളുകളിൽ കീരമ്പാറ സെന്റ് സ്റ്റീഫന്‍സ് എച്ച്എസ്എസാണ് രണ്ടാം സ്ഥാനത്ത്. ആറു സ്വര്‍ണമുള്‍പ്പെടെ 39 പോയന്റാണവർക്ക്. 27 പോയിന്റുമായി അങ്കമാലി മൂക്കന്നൂര്‍ സേക്രഡ് ഹാര്‍ട്ട് ഓര്‍ഫനേജ് എച്ച്എസാണ് മൂന്നാം സ്ഥാനത്ത്.
എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന മീറ്റിന്റെ രണ്ടാംദിനവും വൈകിയാണ് മത്സരങ്ങള്‍ ആരംഭിച്ചത്. താളംതെറ്റിയ മത്സരക്രമത്തില്‍ പൊരിവെയിലത്ത് മത്സരിക്കേണ്ടി വരുന്നത് കുട്ടികളുടെ പ്രകടനത്തെ കാര്യമായി ബാധിക്കുന്നുണ്ട്. സ്പൈക്ക്സ് പോലുമില്ലാതെയാണ് പല മത്സരാര്ഥികളും ട്രാക്ക് ഇനങ്ങളില്‍ മത്സരിക്കുന്നത്. പലരും പരിക്കോടെയാണ് ട്രാക്ക് വിടുന്നതും. മഹാരാജാസ് ഗ്രൗണ്ടിലെ ട്രാക്ക്, ജംപ് ഇനങ്ങള്‍ ഇന്ന് പൂര്‍ത്തിയാവും.
നാളെ മുതല്‍ കോതമംഗലം എംഎ കോളജിലാണ് ത്രോ മത്സരങ്ങള്‍. പോള്‍വോള്‍ട്ടും ഇതോടൊപ്പം നടക്കും.
ആദ്യ റിക്കാര്‍ഡില്‍ ആശയക്കുഴപ്പം
കൊച്ചി: ജില്ലാ സ്കൂള്‍ മീറ്റില്‍ പിറന്ന ആദ്യ റിക്കാര്‍ഡിനെ ചൊല്ലി ആശയക്കുഴപ്പം. രണ്ടാം ദിനമായ ഇന്നലെ ജൂണിയര്‍ ആണ്‍കുട്ടികളുടെ 4x100 മീറ്റര്‍ റിലേയില്‍ അങ്കമാലി ഉപജില്ലാ ടീം സ്ഥാപിച്ച റിക്കാർഡിനെ ചൊല്ലിയാണ് ആശയക്കുഴപ്പം ഉണ്ടായത്. ഇതേ തുടര്‍ന്ന് റിക്കാര്‍ഡ് ഔദ്യോഗികമായി രേഖപ്പെടുത്തിയില്ല.
2025 ദേശീയ ഗെയിംസില്‍ 40.73 സെക്കന്‍ഡിൽ കേരള പുരുഷ ടീം സ്ഥാപിച്ച റിക്കാർഡിന് അടുത്ത സമയത്തിലാണ് അങ്കമാലി ഉപജില്ല (41.6) ഫിനിഷ് ചെയ്തത്. ഇത് ഫിനിഷിംഗ് ഒഫീഷ്യല്‍സ് സമയം രേഖപ്പെടുത്തിയതിലെ പിഴവാണെന്ന സംശയം ഉയരാൻ കാരണമായി. 45 സെക്കന്‍ഡാണ് നിലവിലെ സ്കൂള്‍ മീറ്റ് റിക്കാർഡ്. ആശയക്കുഴപ്പം മൂലം സമയം ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ല.