വിശ്വാസപരിശീലകരുടെ സേവനം മഹത്തരം: മേജര്‍ ആര്‍ച്ച്ബിഷപ്
1599315
Monday, October 13, 2025 4:51 AM IST
കാഞ്ഞൂര്‍: സഭയുടെ പ്രബോധന ശുശ്രൂഷയില്‍ സുപ്രാധാനമായ സേവനം ചെയ്യുന്നവരാണ് വിശ്വാസ പരിശീലകരെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു. വളര്‍ന്നുവരുന്ന തലമുറയില്‍ കിസ്തുകേന്ദ്രീകൃതമായ വിശ്വാസസാക്ഷ്യവും മൂല്യാധിഷ്ഠിതമായ ജീവിതവും ക്രമപ്പെടുത്തുന്നതില്‍ വിശ്വാസപരിശീലകര്‍ നിര്‍വഹിക്കുന്ന ദൗത്യം മഹത്തരമാണെന്നും മാര്‍ തട്ടില്‍ പറഞ്ഞു.
എറണാകുളം-അങ്കമാലി അതിരൂപത വിശ്വാസ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കാഞ്ഞൂര്‍ സെന്റെ മേരീസ് ഫൊറോന പള്ളിയില്‍ നടന്ന വിശ്വാസ പരിശീലകരുടെ മേഖലാ കണ്‍വന്‍ഷനില്‍ സമാപന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. വിശ്വാസത്തിന്റെ വിത്തു വിതയ്ക്കുന്ന സഭയുടെ ശ്രേഷ്ഠരായ പങ്കാളികളാണ് വിശ്വാസ പരിശീലകരെന്നും മേജര്‍ ആര്‍ച്ച്ബിഷപ് ഓര്‍മിപ്പിച്ചു.
അതിരൂപതാതലത്തില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെയും വിശ്വാസ പരിശീലനത്തിന്റെ സുവര്‍ണ, റൂബി, രജത ജൂബിലി ആഘോഷിക്കുന്ന അധ്യാപകരെയും ആദരിച്ചു.
അതിരൂപത ഡയറക്ടര്‍ റവ.ഡോ. പോള്‍ മൊറേലി, മഞ്ഞപ്ര ഫൊറോന വികാരി റവ. ഡോ. വര്‍ഗീസ് പൊട്ടയ്ക്കല്‍, ഫാ. നിഖില്‍ പാലാട്ടി, സിസ്റ്റര്‍ ലിസ് ലറ്റ്, സിസ്റ്റര്‍ ഐറിന്, സിസ്റ്റര്‍ അമല, ഷാജു ഏര്‍ത്തടത്തില്‍, സിനു പുത്തന്‍പുരയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
നേരത്തെ റവ. ഡോ. ആന്റോ ചാലിശേരി കണ്വന്ഷന് ഉദ്ഘാടനം ചെയ്തു. റവ. ഡോ. അഗസ്റ്റിന് കല്ലേലി ക്ലാസ് നയിച്ചു. കാഞ്ഞൂര്‍, വല്ലം, മഞ്ഞപ്ര ഫൊറോനകളിലെ വിശ്വാസ പരിശീലകര്‍ പങ്കെടുത്തു.