ജോവിയ ട്രാക്കില്‍ രചിച്ചത് കരളുറപ്പിന്റെ കഥ
1599309
Monday, October 13, 2025 4:18 AM IST
കൊച്ചി: മരണക്കിടക്കയില്‍ നിന്ന് കരളുറപ്പിന്റെ കനത്തില്‍ ട്രാക്കിലേക്ക് മടങ്ങിയെത്തിയ ഒമ്പതാംക്ലാസുകാരി ജോവിയ ജോര്‍ജിന് പറയാനുള്ളത് തന്റെ പുതുജീവിതത്തിന്റെ കഥകൂടിയാണ്.
അണുബാധ മൂലം ദിവസങ്ങളോളം ആശുപത്രി വെന്റഇലേറ്ററിലും ഐസിയുവിലും കഴിഞ്ഞ് രോഗസാഹചര്യങ്ങളോട് പടവെട്ടി ജിവിതത്തിന്റെ ട്രാക്കിലേക്ക് മടങ്ങിവന്ന വിജയത്തിന്റെ കഥ. അമ്മൂമ്മയുടെ കൈപിടിച്ച് ജില്ലാ സ്കൂള്‍ മീറ്റിലെത്തി സീനിയര്‍ പെണകുട്ടികളുടെ 400 മീറ്ററില്‍ സ്വര്‍ണം നേടുമ്പോള്‍ കായിക ലോകത്തിന് നല്കുന്ന തിരിച്ചുവരവിന്റെ ത്രില്ലർ കൂടിയാണ് ജോവിയ പറഞ്ഞു വച്ചത്.
ചെറുപ്പം മുതല്ക്കേ ഓട്ടം ഇഷ്ടഇനമായിരുന്ന ജോവിയ കഴിഞ്ഞ വര്‍ഷം ജില്ലാ മീറ്റിനായി പരിശീലിക്കുന്നതിനിടെയാണ് മതിലില്‍ തട്ടി കൈവിരലിനു താഴെ മുറിവുണ്ടായത്. ആ മുറിവ് പതിയെ പനിയിലേക്കും അണുബാധയിലേക്കും എത്തി. പനിക്കിടക്കയില്‍ നിന്നാണ് ജില്ലാ മീറ്റിന് എത്തിയത്. പിന്നാലെ പനി മൂര്‍ച്ഛിച്ച് ആശുപത്രിയിലായി.
അണുബാധ ശ്വാസകോശം, വൃക്ക, ഹൃദയം എന്നിവയെയെല്ലാം ബാധിച്ചിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ നാലു ദിവസം വെന്റിലേറ്ററിലും രണ്ടാഴ്ച ഐസിയുവിലും കിടന്ന ശേഷമാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ഏറെക്കാലത്തെ വിശ്രമത്തിനും ചികിത്സയ്ക്കും ശേഷം ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് വീണ്ടും പരിശീലന ഗ്രൗണ്ടിലേക്കിറങ്ങിയത്. ബുദ്ധിമുട്ടാണെങ്കില്‍ പിന്നീട് ഇറങ്ങാമെന്ന് അധ്യാപകര്‍ പറഞ്ഞെങ്കിലും ഓടാതിരിക്കാന്‍ അവള്‍ക്കാവില്ലായിരുന്നു.
14 വയസുള്ള ജോവിയ മത്സരിക്കേണ്ടത് ജൂണിയര്‍ വിഭാഗത്തിലാണ്. എന്നാല്‍, സീനിയര്‍ വിഭാഗത്തില്‍ ഇറങ്ങി 1:12:9 സെക്കന്‍ഡില്‍ മുതിര്‍ന്നവരെ പിന്തള്ളിയാണ് ഒന്നാമതെത്തിയത്. ഇന്ന് 200 മീറ്ററില്‍ ജോവിയയ്ക്ക് മത്സരമുണ്ട്. സ്വകാര്യ കമ്പനി ഉദ്യോഗസ്ഥനായ പാങ്കോട് തോട്ടത്തില്‍ ജോര്‍ജിന്റെയും കുവൈറ്റില്‍ ജോലിചെയ്യുന്ന ദിവ്യയുടെയും മകളാണ്.