അമിത വേഗതയിലും ഹോണടിച്ചും പോകുന്ന ബസുകള്‍ കണ്ട് ക്ഷുഭിതനായി മന്ത്രി
1599071
Sunday, October 12, 2025 4:39 AM IST
കോതമംഗലം: കോതമംഗലത്ത് മന്ത്രിയുടെ ഉദ്ഘാടന പരിപാടി നടക്കുന്ന സമയത്ത് തൊട്ടുടത്ത ഹൈറേഞ്ച് സ്റ്റാന്‍ഡിലേക്ക് അമിത വേഗതയിലും ഹോണടിച്ചും പോകുന്ന ബസുകള്‍ കണ്ട് മന്ത്രി ക്ഷുഭിതനായി. രണ്ട് സ്വകാര്യ ബസുകള്‍ക്കെതിരെ നടപടിക്കും ഉത്തരവിട്ടു. ഇതിന്റെ പേരില്‍ സമരം ചെയ്താല്‍ നൂറ് ബസ് ഇറക്കുമെന്നും മന്ത്രിയുടെ മുന്നറിയിപ്പും. കോതമംഗലത്ത് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ പുതിയ ബസ് ടെര്‍മിനലിന്റെ ഉദ്ഘാടനം നടക്കുന്നതിനിടെയാണ് നാടകീയ സംഭവങ്ങള്‍. മന്ത്രി കെ.ബി. ഗണേഷ്കുമാറായിരുന്നു ഉദ്ഘാടകന്‍.
മന്ത്രിയുടെ പ്രസംഗത്തിന് മുമ്പ് ആന്റണി ജോണ്‍ എംഎല്‍എയുടെ അധ്യക്ഷപ്രസംഗം നടക്കുമ്പോഴാണ് ഒരു സ്വകാര്യ ബസ് നിര്‍ത്താതെ ഹോണടിച്ച് വേഗതയില്‍ പോയത്. ഫയര്‍ എന്ജിന് വരുന്ന പോലെയായിരുന്നു ഹോണടിച്ചുള്ള ബസിന്റെ വരവ്. ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി ഇക്കാര്യം പരാമര്‍ശിക്കുകയും ചെയ്തു.
നിറച്ച് ആളെയും വച്ചോണ്ട് റോക്കറ്റ് പോലെയല്ലേ പോക്ക്. എവിടിട്ട് പിടിക്കാമെന്ന് നോക്കിയിരിക്കുമ്പോഴാണ് അതിനേക്കാള്‍ വേഗത്തില്‍ തിരിച്ച് പോകുന്നത്. ബ്രേക്ക് വല്ലതും പോയി പാഞ്ഞ് പോകുന്നതാണെന്നാണ് തെറ്റിദ്ധരിച്ചത്. അദേഹത്തിന്റെ പെര്‍മിറ്റ് പോയെന്ന് മാത്രമേ ഇപ്പോള്‍ പറയാനുള്ളൂവെന്നും മന്ത്രി പറഞ്ഞു.
പ്രസംഗിച്ചുകൊണ്ടിരിക്കുന്നനിടെ അപ്പുറത്തെ സ്റ്റാന്‍ഡില്‍നിന്ന് മറ്റൊരു സ്വകാര്യ ബസ് പുറത്തേക്ക് അമിത വേഗതയില്‍ ഓടിച്ച് പോകുന്നതും മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടു. ഇവിടെ ഇതാണ് സ്പീഡ് എങ്കില്‍ റോഡില്‍ എന്തായിരിക്കുമെന്ന് സ്പീഡെന്നും മന്ത്രി ചോദിച്ചു. എന്തായാലും രണ്ട് ബസുകള്‍ക്കെതിരേയും നടപടിയെടുക്കാന്‍ പ്രസംഗത്തിനിടെ മൈക്കിലൂടെ തന്നെ മന്ത്രി ഉത്തരവിട്ടു.
അതേസമയം ഹോണടിച്ച് വന്ന ബസിന്റെ ഹോണ്‍ സ്റ്റക്കായതാണെന്നും നിര്‍ത്താതെ ഹോണ്‍ മുഴങ്ങിയപ്പോള്‍ ഡ്രൈവര്‍ അങ്കലാപ്പിലായി വേഗത കൂടിയതാണെന്നുമാണ് ബസ് തൊഴിലാളികളും കണ്ടു നിന്നവരും പറയുന്നത്.