പാതിവില തട്ടിപ്പ്: അനന്തുകൃഷ്ണനെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്
1515015
Monday, February 17, 2025 4:21 AM IST
കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ അനന്തുകൃഷ്ണനെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്. ഇതിനായി അന്വേഷണസംഘം ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. തട്ടിപ്പുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങളടക്കം ക്രൈംബ്രാഞ്ച് ഇതിനോടകം ശേഖരിച്ചിട്ടുണ്ട്.
തട്ടിപ്പിന്റെ വ്യാപ്തി, അനന്തുവിന് തട്ടിപ്പിന് രാഷ്ട്രീയ സഹായങ്ങള്‍ ലഭിച്ചിട്ടുണ്ടോ, ഉണ്ടെങ്കില്‍ അവര്‍ ആരൊക്കെ, തട്ടിപ്പിലൂടെ ലഭിച്ച പണത്തിന്റെ വിനിയോഗം തുടങ്ങിയവയില്‍ വ്യക്തത തേടുകയാണ് അന്വേഷണ സംഘം ആദ്യഘട്ടത്തില്‍ ചെയ്യുക.
ഏതാനും ചില രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകളിലടക്കം രേഖകള്‍ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. സായ് ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എന്‍. ആനന്ദകുമാര്‍ ഉള്‍പ്പെടെയുള്ളവരിലേക്ക് ഇതിനു ശേഷമാകും അന്വേഷണം കടക്കുക.
മുന്‍കൂട്ടി തീരുമാനിച്ച പ്രകാരമുള്ള ഉത്തരങ്ങളാണ് അനന്തു ചോദ്യം ചെയ്യലില്‍ നല്‍കിയതെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതു മുമ്പില്‍ കണ്ടുള്ള നീക്കങ്ങളാകും ക്രൈംബ്രാഞ്ച് സ്വീകരിക്കുക.
നിലവിലെ പോലീസ് കണ്ടെത്തിയതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കൂടുതല്‍ വ്യക്തികളും സംഘടനകളും ഇതിന് പിന്നിലുണ്ടെന്നുമാണ് ക്രൈംബ്രാഞ്ച് വിലയിരുത്തുന്നത്.
നിലവില്‍ അനന്തുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലെ വിവര ശേഖരണങ്ങള്‍ പുരോഗമിക്കുകയാണ്. പരാതിക്കാര്‍ക്ക് പുറമേ ഗുണഭോക്താക്കളുടെയും മൊഴി രേഖപ്പെടുത്താനാണ് ക്രൈംബ്രാഞ്ച് ആലോചിക്കുന്നത്.