നവീകരിച്ചെങ്കിലും മട്ടാഞ്ചേരി ബോട്ട് ജെട്ടി ഇരുട്ടില്‍ത്തന്നെ
1515010
Monday, February 17, 2025 4:16 AM IST
കൊച്ചി: ആറു വര്‍ഷങ്ങള്‍ക്ക് ശേഷം മട്ടാഞ്ചേരിയില്‍ നിന്നു ബോട്ട് സര്‍വീസ് ആരംഭിച്ചെങ്കിലും ബോട്ട് ജെട്ടി ഇരുട്ടില്‍ തന്നെ. ടെര്‍മിനല്‍ പരിസരത്ത് കൊച്ചി കോര്പറേഷന് സ്ഥാപിച്ച തെരുവുവിളക്കുകളൊന്നും പ്രവര്‍ത്തനക്ഷമമല്ല. 78 ലക്ഷം രൂപ ചെലവില്‍ നവീകരിച്ച മട്ടാഞ്ചേരിയിലെ ബോട്ട് ജെട്ടിക്ക് ഇതുവരെ വൈദ്യുതി കണക്ഷന് പോലും ലഭിച്ചിട്ടുമില്ല.
മട്ടാഞ്ചേരിയില്‍ നിന്ന് എറണാകുളത്തേക്കുള്ള അവസാന ബോട്ട് സര്‍വീസ് രാത്രി 7.30ന് ആണ്. ഈ സമയം ജെട്ടിയിലെത്തുന്നവര് ഇരുട്ടില്‍ ബോട്ടില്‍ കയറാന്‍ പാടുപെടുകയാണ്. സര്‍വീസ് പുനരാരംഭിച്ച് ഇതിനകം രണ്ടു യാത്രക്കാര്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. ചരിത്രപ്രാധാന്യമുള്ള പ്രദേശം സന്ദര്‍ശിക്കാനെത്തുന്ന വിദേശികളും ഇതോടെ ബോട്ട് സര്‍വീസിനെ ആശ്രയിക്കുന്നത് കുറച്ചിരിക്കുകയാണ്.
ജലഗതാഗത വകുപ്പിന്റെ കീഴിലാണ് ബോട്ട് ജെട്ടി. വെളിച്ചം ഇല്ലാത്തതില്‍ അധികൃതരുടെ ഭാഗത്തിനിന്നു വിശദീകരണമൊന്നമില്ല. ടെര്‍മിനലിന്റെ ഉദ്ഘാടന വേളയില്‍ ഈ പ്രശ്നം പ്രദേശവാസികളടക്കം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കിലും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഡെപ്യൂട്ടി മേയറുടെ ഡിവിഷനിലാണ് ബോട്ട് ജെട്ടി.
ബോട്ട് ജെട്ടി പരിസരത്തെ തെരുവുവിളക്കുകളും അണഞ്ഞ നിലയിലാണ്. കൊച്ചി കോര്‍പറേഷനാണ് ഇതു തെളിക്കുന്നതിനുള്ള ഉത്തരവാദിത്വം. വെളിച്ചം ഇല്ലാത്തതുമൂലം അപകടങ്ങളും പതിവായ സാഹചര്യത്തില്‍ അടിയന്തര നടപടി വേണമെന്ന ആവശ്യവും ശക്തമാണ്.
2018 ലെ പ്രളയത്തിനു ശേഷം കായല്‍ ചാനലില്‍ വലിയ തോതില്‍ ചെളി അടിഞ്ഞുകൂടിയതിനാല്‍ ഇവിടേക്കുള്ള ബോട്ട് സര്‍വീസുകള്‍ ആറു വര്‍ഷത്തോളം നിര്‍ത്തിവച്ചിരുന്നു. പിന്നീട് ഡ്രഡ്ജിംഗ് നടത്തുന്നതില്‍ ജലസേചന വകുപ്പ് പരാജയപ്പെട്ടതോടെ ജലഗതാഗതവകുപ്പ് സില്‍റ്റ് പുഷര്‍ മെഷീന് ഉപയോഗിച്ച് ഡ്രഡ്ജിംഗ് നടത്തുകയായിരുന്നു.