ആലുവയിൽ പൊതുകാന നവീകരണം പുനരാരംഭിച്ചു
1514981
Monday, February 17, 2025 3:54 AM IST
ആലുവ: ശിവരാത്രി ആഘോഷ ഒരുക്കങ്ങളുടെ ഭാഗമായി ആലുവ നഗരത്തിലെ കാനകളുടെയും കാൽനടപ്പാതകളുടെയും നവീകരണം പുനരാരംഭിച്ചു. ഒരു വർഷമായിട്ടും നടപ്പാത നവീകരണം നീണ്ടു പോകുന്നതിനെതിരേ ശിവരാത്രി അവലോകന യോഗത്തിൽ ചർച്ചയായതോടെയാണ് കഴിഞ്ഞ ദിവസം മുതൽ നവീകരണം ആരംഭിച്ചത്.
റെയിൽവേ സ്റ്റേഷൻ റോഡിലടക്കം കാന നവീകരണം പാതി വഴിയിലായതോടെ കാൽനടയാത്രക്കാരുടെ ദുരിതം ‘ദീപിക' റിപ്പോർട്ട് ചെയ്തിരുന്നു. കാനയുടെ നവീകരണത്തോടൊപ്പം ഫൂട്ട്പാത്ത് നിർമാണവും ശിവരാത്രിക്ക് മുമ്പ് പൂർത്തിയാക്കണമെന്നാണ് പൊതുമരാമത്ത് വകുപ്പിനോട് അവലോകന യോഗം ആവശ്യപ്പെട്ടിരിക്കുന്നത്. നഗരത്തിലെ കവറിംഗ് സ്ലാബുകൾ പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്താനും യോഗം നിർദ്ദേശിച്ചിട്ടുണ്ട്.
ഇതിനിടയിൽ ടൈൽ പാകിക്കഴിഞ്ഞ നടപ്പാതകളുടെ താഴെ ദ്വാരങ്ങളുണ്ടായി ഹോട്ടൽ മാലിന്യം തള്ളുന്നതായി വീണ്ടും ആക്ഷേപം ഉയർന്നിട്ടുണ്ട്. കാന നവീകരണത്തിനായി ഒരു വർഷം മുമ്പ് പൊളിച്ചപ്പോൾ ഹോട്ടലുകളുടെ മാലിന്യക്കുഴൽ പൊതു കാനയിലേക്ക് ബന്ധിപ്പിച്ചതായി കണ്ടെത്തിയിരുന്നു.
റെയിൽവേ സ്റ്റേഷൻ റോഡ്, സബ് ജയിൽ റോഡുകളിലെ ലോഡ്ജുകൾക്കും ഹോട്ടലുകൾക്കും ആലുവ നഗരസഭ 25,000 രൂപ വീതം പിഴയും ഈടാക്കിയിരുന്നു.