ശാന്തിക്കാരനെതിരേ ജാതി അധിക്ഷേപം: ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
1508239
Saturday, January 25, 2025 4:00 AM IST
വരാപ്പുഴ: തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള തത്തപ്പിള്ളി ശ്രീദുർഗാദേവി ക്ഷേത്രത്തിലെ ശാന്തിക്കാരനെ ഭക്തരുടെ സാന്നിധ്യത്തിൽ ജാതി അധിക്ഷേപം നടത്തിയ തത്തപ്പിള്ളി കോഴിപ്പുറത്ത് (മഞ്ജിമ) വീട്ടിൽ കെ.എസ്. ജയേഷിനെ (59) പൊലീസ് അറസ്റ്റ് ചെയ്തു. വ്യാപക പ്രതിഷേധങ്ങൾ അരങ്ങേറുകയും മുൻകൂർ ജാമ്യാപേക്ഷ കോടതി കഴിഞ്ഞദിവസം തള്ളുകയും ചെയ്തോടെയാണു അറസ്റ്റ്.
ക്ഷേത്രത്തിലെ സ്ഥിരം ശാന്തിക്കാരന് പകരക്കാരനായി എത്തിയയാളെയാണ് ദർശനത്തിനെത്തിയ ജയേഷ് ജാതി ചോദിച്ച് അപമാനിച്ചത്. വഴിപാടിന്റെ പ്രസാദം വാങ്ങാൻ അടുത്തെത്തിയിപ്പോൾ ഏത് ജാതിയിൽപ്പെട്ടയാളാണെന്നു ശാന്തിക്കാരനോടു ചോദിച്ചു. താൻ പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന ആളാണെന്നു മറുപടി നൽകി.
ഉടനെ ക്ഷേത്രത്തിലെ മറ്റു ജീവനക്കാരനോടു ശാന്തിക്കാരനായ വിഷ്ണുവിന്റെ ജാതി സംബന്ധിച്ചു മോശമായ ഭാഷയിൽ സംസാരിക്കുകയും ഇയാൾ ബ്രാഹ്മണനാണോയെന്നും അല്ലെങ്കിൽ നേരത്തേ വിളിച്ചു പറയാമായിരുന്നില്ലേ എന്നൊക്കൊ ക്ഷേത്രത്തിൽ വച്ച് ഉറക്കെ വിളിച്ചു പറയുകയും ചെയ്തതായി മൊഴിയിലുണ്ട്. കൂടാതെ ഇനി മുതൽ പൂജയ്ക്ക് ബ്രാഹ്മണനില്ലെങ്കിൽ വഴിപാട് വാങ്ങാൻ എത്തില്ലെന്നും ഇയാൾ വിളിച്ചു പറഞ്ഞു. ഒട്ടേറെ ഭക്തർ ക്ഷേത്രത്തിൽ ഉള്ള സമയത്തായിരുന്നു സംഭവം.
പരാതിയുടെ അടിസ്ഥാനത്തിൽ ജാതി അധിക്ഷേപം നടത്തിയ കെ.എസ്. ജയേഷിനെതിരെ ജാമ്യമില്ലാ വകുപ്പു ചുമത്തി നവംബർ 18നു കേസെടുത്തിരുന്നു. ഇതോടെ പ്രതി ഒളിവിൽ പോയി. ഇന്നലെ രാവിലെയാണ് അറസ്റ്റ് ചെയ്തത്.