വന്യമൃഗശല്യം: സോളാര്‍ ഫെന്‍സിംഗ് സ്ഥാപിക്കല്‍ അവസാനഘട്ടത്തില്‍
1507961
Friday, January 24, 2025 4:41 AM IST
കോതമംഗലം: രൂക്ഷമാകുന്ന വന്യമൃഗശല്യം തടയുന്നതിനായി രാഷ്ട്രീയ കിസാന്‍ വികാസ് യോജന (ആര്കെവികെവൈ) പദ്ധതി പ്രകാരം വനാതിര്‍ത്തിയില്‍ സ്ഥാപിക്കുന്ന സോളാര്‍ ഫെന്‍സിംഗ് നിര്‍മാണം അവസാന ഘട്ടത്തിലാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്റെ നേതൃത്വത്തില്‍ കൂടിയ ആര്‍കെവിവൈ മോണിറ്ററിംഗ് കമ്മിറ്റി യോഗം വിലയിരുത്തി.
പദ്ധതി പ്രകാരം മൂന്നാര്‍ ഫോറസ്റ്റ് ഡിവിഷന്റെ കീഴിലുള്ള എന്താലുംപാറ മുതല്‍ മുനിപ്പാറ തേക്ക് പ്ലാന്റേഷന് വരെയുള്ള മൂന്നു കിലോമീറ്ററും മുനിപ്പാറ തേക്ക് തോട്ടം മുതല്‍ ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷന് വരെയുള്ള 1.5 കിലോമീറ്ററും ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷന് മുതല്‍ മുതുവന്പാറ വരെയുള്ള രണ്ട് കിലോമീറ്ററും മുതുവന്പാറ മുതല്‍ മെഴുക്കുമല തേക്ക് തോട്ടം വരെയുള്ള 4.5 കിലോമീറ്ററും ഫെന്‍സിംഗ് നിര്‍മാണം പൂര്‍ത്തിയാക്കി വൈദ്യുത പ്രസരണവും ആരംഭിച്ചു.
മൂന്നാര്‍ ഡിവിഷനില്‍ അനുവദിച്ച ചെമ്പന്‍കുഴി തൂക്കുപാലം മുതല്‍ മണിയംപാറ വരെയുള്ള ഒരു കിലോമീറ്റര്‍ ഫെന്‍സിംഗ് സ്ഥാപിക്കല്‍ ആരംഭിച്ചിട്ടില്ല. നബാര്‍ഡിന്റെ ഫണ്ട് ഉപയോഗിച്ച് കരിമണല്‍ നീണ്ടപാറ ഭാഗത്ത് 3.5 കിലോമീറ്റര്‍ ഫെന്‍സിംഗ് സ്ഥാപിക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയായാല്‍ മാത്രമേ ചെമ്പന്‍കുഴി ഭാഗത്ത് പ്രവൃത്തി ആരംഭിക്കാന്‍ കഴിയുകയുള്ളൂ.
കോതമംഗലം ഡിവിഷന്റെ കീഴിലുള്ള മുളളരിങ്ങാട് റേഞ്ചില്‍ വരുന്ന ചുള്ളിക്കണ്ടം ചെക്ക് പോസ്റ്റ് മുതല്‍ പാണംകുഴി വരെയുള്ള 1.5 കിലോമീറ്റര്‍ ദൂരം ഫെന്‍സിംഗ് സ്ഥാപിച്ച് വൈദ്യുതപ്രസരണം ആരംഭിച്ചു. മലയാറ്റൂര്‍ ഡിവിഷനില്‍ താളുകണ്ടം പട്ടിക വര്‍ഗ സങ്കേതത്തില്‍ അഞ്ച് കിലോമീറ്റര്‍ ഫെന്‍സിംഗ് സ്ഥാപിക്കല്‍ ആരംഭിച്ചു. ഫെബ്രുവരി അവസാനം പ്രവൃത്തി പൂര്‍ത്തീകരിച്ച് പ്രസരണം ആരംഭിക്കുമെന്ന് മലയാറ്റൂര്‍ ഡിഎഫ്ഒ അറിയിച്ചു.
പാണംകുഴി മുതല്‍ കപ്രിക്കാട് വരെയുള്ള ഭാഗത്ത് 10 കിലോമീറ്റര്‍ ഫെന്‍സിംഗിന് എസ്റ്റിമേറ്റ് ഉണ്ടായിരുന്നെങ്കിലും ബ്ലോക്ക് പഞ്ചായത്ത് രണ്ട് കിലോമീറ്റര്‍ ദൂരം ഫെന്‍സിംഗ് സ്ഥാപിച്ചതിനാല്‍ 6.7കിലോമീറ്റര്‍ ദൂരം മാത്രമേ ഫെന്‍സിംഗ് സ്ഥാപിക്കേണ്ടതായി വന്നത്. ബാക്കിയുള്ള 3.3 കിലോമീറ്റര്‍ ഫെന്‍സിംഗ് പൊങ്ങന്‍ചുവട് പട്ടിക വര്‍ഗ സങ്കേതത്തില്‍ സ്ഥാപിക്കുന്നതിനും ഭേദഗതി അനുവദിക്കുന്നതിന് കത്ത് നല്‍കുന്നതിനും കമ്മിറ്റി തീരുമാനിച്ചു. പൊങ്ങന്‍ചുവട് പട്ടിക വര്‍ഗ സങ്കേതത്തില്‍ ബാക്കിയുള്ള 4.2 കിലോമീറ്റര്‍ ദൂരം ബെന്നി ബഹനാന് എംപി അനുവദിച്ച 40 ലക്ഷം രൂപ ചെലവഴിച്ച് ഫെന്‍സിംഗ് സ്ഥാപിക്കും.
മലയാറ്റൂര്‍ ഡിവിഷനില്‍ കാലടി റേഞ്ചില്‍ വരുന്ന മൂപ്പന്പ്പടി മുതല്‍ ആശ്രമം ഗേറ്റ് വരെയുള്ള 1.6 കിലോമീറ്റര്‍ ഫെന്‍സിംഗും മുടിപുരം മുതല്‍ ആശ്രമംപ്പടി വരെയുള്ള ഒരു കിലോമീറ്റര്‍ കിടങ്ങ് നിര്മിക്കലും പൂര്‍ത്തിയായി. മുളങ്കുഴി മുതല്‍ എവര്‍ഗ്രീന്‍ ക്യാമ്പ് ഷെഡ് വരെയുള്ള 2.9 കിലോമീറ്റര്‍ ഫെന്‍സിംഗ് നിര്‍മാണം നടന്നുവരുന്നു.
കാലടി എന്‍എ സിയുടെ കീഴില്‍ വരുന്ന പൊട്ട ഇറിഗേഷന്‍ കനാല്‍ ഭാഗത്ത് 1.7 കിലോമീറ്ററും വള്ളിയാംകുളം കോളനിഭാഗത്ത് 1.1 കിലോമീറ്ററും ഫെന്‍സിംഗ് നിര്‍മാണം പൂര്‍ത്തിയായി. കീരംപാറ പുന്നേക്കാട് ഭൂതത്താന്‍കെട്ട് കൂരികുളം വരെ നബാര്‍ഡ് ഫണ്ട് ഉപയോഗിച്ച് 8.5 കിലോമീറ്റര്‍ ഫെന്‍സിംഗ് നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. ഇനി ചാരുപാറ മുതല്‍ ആവോലിച്ചാല്‍ വരെ ഒമ്പത് കിലോമീറ്റര്‍ കൂടി ഫെന്‍സിംഗ് നിര്‍മിക്കാനുള്ള പദ്ധതി അടിയന്തിരമായി വേണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു.
എഐ കാമറകള്‍ സ്ഥാപിക്കും
വന്യമൃഗങ്ങള്‍ കടന്നുവരാന്‍ സാധ്യതയുള്ള നേര്യമംഗലം ഫാമിന്റെ കാളപ്പാലം മുതലുളള ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍ 500 മീറ്റര്‍ ഫെന്‍സിംഗും 600 മീറ്റര്‍ കരിങ്കല്‍ ഭിത്തിയും നിര്‍മിക്കും. ബാക്കിയുള്ള 400 മീറ്റര്‍ ഫെന്‍സിംഗ് നിര്‍മിക്കുന്നതിന് ജില്ലാ പഞ്ചായത്ത് പദ്ധതി ഏറ്റെടുക്കും.
ഇഞ്ചത്തൊട്ടി ഭാഗത്ത് ജനങ്ങള്‍ നിരന്തരമായി യാത്ര ചെയ്യുന്ന പ്രധാന റോഡില്‍ വന്യമൃഗങ്ങളുടെ സഞ്ചാര നീക്കം മനസിലാക്കുന്നതിനായി ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് എഐ കാമറകള്‍ സ്ഥാപിക്കുന്നതിന് പദ്ധതി ഏറ്റെടുക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന് പറഞ്ഞു.
അവലോകന യോഗത്തില്‍ കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു, ജില്ലാ പഞ്ചായത്തംഗം റാണിക്കുട്ടി ജോര്‍ജ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ബിജിമോള്‍, കൃഷി വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ടി.ഒ.ദീപ, മലയാറ്റൂര്‍ ഡിഎഫ്ഒ, വിവിധ റേഞ്ച് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അവലോകയോഗത്തിന് ശേഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഫെന്‍സിംഗ് നിര്‍മാണം നടക്കുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.