കണ്ടൽക്കാടുകളുടെ പുനരുദ്ധാരണം: പദ്ധതിക്ക് വൈപ്പിനിൽ തുടക്കം
1507942
Friday, January 24, 2025 3:52 AM IST
കൊച്ചി: തീരദേശ കണ്ടൽക്കാടുകളുടെ പുനരുദ്ധാരണ, സംരക്ഷണ പദ്ധതിക്ക് വൈപ്പിനിൽ തുടക്കമായി. കേരളത്തിലെ പരിസ്ഥിതിലോല തീരപ്രദേശങ്ങളെ സംരക്ഷിക്കുന്നതിന് ബ്യൂമെർക്ക് ഇന്ത്യ ഫൗണ്ടേഷനാണു(ബിഐഎഫ്) മൂന്ന് വർഷത്തെ പദ്ധതി നടപ്പാക്കുന്നത്.
ആദ്യഘട്ടത്തിൽ എറണാകുളത്തെ വൈപ്പിൻ തീരപ്രദേശത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിലാണ് പദ്ധതി നടപ്പാക്കുക. ദേശീയതലത്തിൽ പ്രശസ്തമായ എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷന്റെ സാങ്കേതിക, ശാസ്ത്രീയ പിന്തുണ പദ്ധതിക്ക് ഉണ്ടാകും.
വൈപ്പിൻ ആസ്ഥാനമായി റൈസോഫോറ കണ്ടൽ ഫീൽഡ് സ്കൂൾ ആൻഡ് നഴ്സറി ആരംഭിച്ചു കൊണ്ട് അതിവേഗം ക്ഷയിച്ചുവരുന്ന കണ്ടൽ സസ്യങ്ങളെ സംരക്ഷിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്യുക, അവബോധം വർധിപ്പിക്കുക, തീരദേശ പ്രതിരോധശേഷി ശക്തിപ്പെടുത്തുക, സമൂഹാധിഷ്ഠിത സംരക്ഷണം പ്രോഹത്സാഹിപ്പിക്കുക എന്നിവ ഈ പദ്ധതി ലക്ഷ്യമിടുന്നു.