ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകം; ശിക്ഷാവിധി ഇന്ന്
1484704
Friday, December 6, 2024 3:01 AM IST
മൂവാറ്റുപുഴ: ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകത്തിൽ ഇന്ന് ശിക്ഷ വിധിക്കും. കുന്നത്തുനാട് പിണർമുണ്ട ചെമ്മഞ്ചേരി മൂല ഭാഗത്ത് താമസിച്ചിരുന്ന പശ്ചിമബംഗാൾ സ്വദേശി ബിശ്വജിത് മിത്ര (36)യുടെ കൊലപാതകത്തിൽ പ്രതി ഉത്പാൽ ബാല (34) കുറ്റക്കാരനെന്ന് മൂവാറ്റുപുഴ അഡീഷണൽ ഡിസ്ട്രിക്ട് ആന്‍ഡ് സെഷൻസ് ജഡ്ജി ടോമി വർഗീസ് ഉത്തരവായിരുന്നു.
2021 ജനുവരി 31ന് ഉച്ചകഴിഞ്ഞ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം. പ്രതി ഉത്പൽ ബാലയും മരണപ്പെട്ട ബിശ്യജിത് മിത്രയും പശ്ചിമ ബംഗാൾ ഗായ്ഗട്ട സ്വദേശികളാണ്. ചെമ്മഞ്ചേരി മൂല ഭാഗത്തുള്ള തൊഴിലുടമയുടെ കെട്ടിടത്തിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. പ്രതി ഉത്പൽ ബാല കൊല്ലപ്പെട്ട ബിശ്വജിത് മിത്രയുടെ ഭാര്യയേയും വീട്ടുകാരേയും കുറിച്ച് മോശമായി പറഞ്ഞത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്.
പ്രോസിക്യൂഷൻ സാക്ഷി പട്ടികയിലുള്ള അന്യസംസ്ഥാന തൊഴിലാളികളായ സാക്ഷികളെ ദ്വിഭാഷിയുടെ സഹായത്താലാണ് കോടതിയിൽ വിചാരണ പൂർത്തിയാക്കിയത്.
അന്പലമേട് പോലീസ് ഇൻസ്പെക്ടറായിരുന്ന ലാൽ സി. ബേബിയാണ് പ്രതിക്കെതിരെയുള്ള കുറ്റപത്രം കോടതിയിൽ ഹാജരാക്കിയത്.