മുസ്ലിം ലീഗിലെ ഗ്രൂപ്പ് തർക്കം സംഘർഷത്തിൽ കലാശിച്ചു
1484463
Thursday, December 5, 2024 3:27 AM IST
കോതമംഗലം: കോതമംഗലത്ത് മുസ്ലിം ലീഗിൽ ഗ്രൂപ്പ് തർക്കം സംഘർഷത്തിൽ കലാശിച്ചു. നിയോജകമണ്ഡലം കമ്മിറ്റി കൂടാനാകാതെ ഇരുവിഭാഗവും തമ്മിലുള്ള തർക്കം രൂക്ഷമായതോടെ പോലീസ് എത്തി പിരിച്ചുവിട്ടു. ഇന്നലെ വൈകുന്നേരം കോതമംഗലം മർച്ചന്റ്സ് റസ്റ്റ് ഹൗസ് ഹാളിലാണ് തർക്കമുണ്ടായത്.
പാർട്ടി മുഖപത്രത്തിലൂടെ രണ്ടാഴ്ച മുമ്പാണ് നിയോജകമണ്ഡലത്തിൽ ഏകപക്ഷീയമായ കമ്മിറ്റിയെ പ്രഖ്യാപിച്ചത്. ഈ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദിവസങ്ങൾക്ക് മുമ്പ് ചുമതലയേറ്റ് പ്രഥമ യോഗം ചേരുവാൻ ലീഗ് ഓഫീസിൽ എത്തിയപ്പോൾ ഒരുകൂട്ടം വിമത വിഭാഗം എത്തി തടഞ്ഞിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇന്നലെ സംഘർഷമുണ്ടായത്. ഇന്നലെ വൈകുന്നേരം യോഗം ചേർന്നപ്പോഴാണ് അഹമ്മദ് കബീർ വിഭാഗം പ്രവർത്തകർ യോഗ ഹാളിലേക്ക് ഇരച്ചുകയറി പ്രവർത്തകരും നേതാക്കളുമായി തമ്മിൽ കൈയേറ്റമുണ്ടായത്. തുടർന്ന് കോതമംഗലം പോലീസ് എത്തി ഇരുവിഭാഗങ്ങളെയും പിരിച്ചുവിടുകയായിരുന്നു.
ജില്ലയിൽ അഹമ്മദ് കബീർ വിഭാഗവും ഇബ്രാഹിംകുഞ്ഞു വിഭാഗവും തമ്മിൽ രൂക്ഷമായ തർക്കം നിലനിൽക്കുന്നുണ്ട്. കബീർ വിഭാഗത്തിന് ശക്തമായ വേരോട്ടമുള്ള മണ്ഡലങ്ങളിൽ ഒന്നാണ് കോതമംഗലം.
ഇന്നലത്തെ യോഗത്തിൽ സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷാ, ജില്ലാ സെക്രട്ടറി വി.ഇ. അബ്ദുൽ ഗഫൂർ തുടങ്ങിയ നേതാക്കൾ പങ്കെടുക്കുമെന്നാണ് അറിയിപ്പ് ഉണ്ടായിരുന്നത്. നേതാക്കൾ വന്ന് മണ്ഡലത്തിലെ തർക്കങ്ങൾ പരിഹരിച്ചശേഷം പാർട്ടി യോഗങ്ങൾ നടത്തിയാൽ മതിയെന്നുള്ള നിലപാടിലായിരുന്നു പ്രതിഷേധക്കാർ. നിശ്ചിത സമയം കഴിഞ്ഞു നേതാക്കൾ എത്താത്തതിനെതുടർന്നാണ് പ്രഖ്യാപിത കമ്മിറ്റിയുടെ യോഗം തടഞ്ഞതും സംഘർഷത്തിൽ കലാശിച്ചതും. സംഘർഷത്തിന് ശേഷം വിമതപക്ഷക്കാർ പിരിഞ്ഞ് അന്തരീക്ഷം ശാന്തമായതോടെ യോഗം വൈകി തുടർന്നതായി ഔദ്യോഗിക പക്ഷക്കാർ പറഞ്ഞു.