ഒറ്റ ദിവസം അഞ്ച് അന്വേഷണങ്ങള്‍; ചരിത്രം സൃഷ്ടിച്ച് കൗണ്‍സില്‍
1484459
Thursday, December 5, 2024 3:27 AM IST
കൊച്ചി: ചട്ടലംഘനങ്ങളും അഴിമതി ആരോപണങ്ങളും കൈക്കൂലി ആക്ഷേപവുമൊക്കെയായി ഉദ്യോഗസ്ഥരെ നിര്‍ത്തിപ്പൊരിച്ച കൗണ്‍സിലില്‍ മേയര്‍ പ്രഖ്യാപിച്ചത് അഞ്ച് അന്വേഷണങ്ങള്‍. കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതില്‍ ഉദ്യോഗസ്ഥര്‍ അഴിമതിയും ക്രമക്കേടും നടത്തിയെന്ന് കൗണ്‍സിലര്‍മാര്‍ ഉന്നയിച്ച വിഷയങ്ങളിലാണ് മേയര്‍ അഡ്വ.എം. അനില്‍കുമാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. ഒറ്റ ദിവസം തന്നെ ഇത്രയധികം അന്വേഷണം പ്രഖ്യാപിക്കുന്നതും അപൂര്‍വ കാഴ്ചയായിരുന്നു.
വൈറ്റിലയിലെ ഗാലക്സി ഹോം ഫ്ളാറ്റ് സമുച്ചയത്തിന് ഉദ്യോഗസ്ഥര്‍ ചട്ടവിരുദ്ധമായി പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ് നല്കിയ വിഷയത്തിലായിരുന്നു ആദ്യ അന്വേഷണ പ്രഖ്യാപനം. പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ ഉന്നയിച്ച വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തി നിയമലംഘനം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മേയര്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്കി. ഇതുമായി ബന്ധപ്പെട്ട് അഡീഷണല്‍ സെക്രട്ടറി നല്കിയ റിപ്പോര്‍ട്ട് തള്ളിയായിരുന്നു മേയറുടെ നടപടി. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണത്തിനും ശിപാര്‍ശ ചെയ്തു.
വൈറ്റിലയിലെ എമറാള്‍ഡ് ഹോട്ടല്‍ കെട്ടിടത്തിന് നിയമവിരുദ്ധമായി യുഎ നമ്പര്‍ അനുവദിച്ച സംഭവത്തിലാണ് രണ്ടാമത്തെ അന്വേഷണം. ഹൈക്കോടതി പിഴ വിധിച്ച കെട്ടിടത്തിന് പിഴ ഈടാക്കാതെ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാണ് ആക്ഷേപം. ഇതിനായി രണ്ട് സ്ഥിരം സമിതി അധ്യക്ഷരുടെ പേരു പറഞ്ഞ് ഉദ്യോഗസ്ഥര്‍ പണം ആവശ്യപ്പെട്ടു എന്നും ആക്ഷേപമുണ്ട്. സംഭവത്തില്‍ അഡീഷണല്‍ സെക്രട്ടറി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
പുല്ലേപ്പടി പാലത്തിന് സമീപം കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മാണം നടക്കുന്ന കെട്ടിടത്തിനെതിരെ യുഡിഎഫ് പാര്‍മെന്ററി പാര്‍ട്ടി നേതാവ് എം.ജി. അരിസ്റ്റോട്ടില്‍ ഉന്നയിച്ച ആരോപണത്തിലായിരുന്നു മൂന്നാമത്തെ അന്വേഷണം. റോഡില്‍ നിന്ന് 1.5 മീറ്റര്‍ ദൂരം വേണമെന്ന ചട്ടം ഇവിടെ പാലിക്കപ്പെട്ടിട്ടില്ലെന്ന് അരിസ്റ്റോട്ടില്‍ ആരോപിച്ചു. വിഷയം ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്പ്പെടുത്തിയെങ്കില് നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ നടപടി സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം. വിഷയത്തില്‍ ചീഫ് ടൗണ്‍ പ്ലാനര്‍ (വിജിലന്‍സ്) അന്വേഷണമാണ് മേയര്‍ പ്രഖ്യാപിച്ചത്.
അഞ്ചോളം നിയമലംഘനങ്ങള്‍ കണ്ടെത്തിയ എളമക്കരയിലുള്ള ഫ്ളാറ്റ് സമുച്ചയത്തിന് നമ്പര്‍ നല്‍കിയതിനെതിരെ സി.എ. സക്കീര്‍ ഉന്നയിച്ച പരാതിയിലായിരുന്നു നാലാമത്തെ അന്വേഷണം. ആംബുലന്‍സ് കടന്നുപോകുന്നതിനായി കെട്ടിടത്തിന് ചുറ്റും മൂന്ന് മീറ്റര്‍ സ്ഥലം വേണമെന്ന നിബന്ധന പാലിക്കപ്പെട്ടില്ല. ഒപ്പം പാര്‍ക്കിംഗ് സ്ഥലവും ലിഫ്റ്റും ഇല്ലെന്നതടക്കം നാലോളം മറ്റ് ചട്ടലംഘനങ്ങളും ഈ കെട്ടിടത്തിനുണ്ടെന്നും സക്കീര്‍ പറഞ്ഞു. അഡീഷണല്‍ സെക്രട്ടറി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് മേയറുടെ നിര്‍ദേശം.
എളംകുളത്ത് നിര്‍മാണം പൂര്‍ത്തിയായ ഗാലക്സി ഫ്ളാറ്റ് സമുച്ചയത്തിനും മൂന്ന് മീറ്റര്‍ സെറ്റ് ബാക്കും പാര്‍ക്കിംഗിന് സൗകര്യവും ഇല്ലാതെ ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന് ആന്റണി പൈനുംതറ ഉന്നയിച്ച വിഷയത്തിലാണ് മറ്റൊരന്വേഷണം. നിര്‍മാണഘട്ടത്തില്‍ സമീപത്തെ രണ്ട് വീടുകള്‍ക്ക് വിള്ളല്‍ ഉണ്ടായി. ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ചട്ടവും പാലിക്കപ്പെട്ടില്ല. ആക്ഷേപത്തില്‍ സൂപ്രണ്ടിംഗ് എന്‍ജിനീയറോടാണ് അന്വേഷിക്കാന്‍ ഉത്തരവിട്ടത്.