മുല്ലശേരി കനാല്‍, പി ആന്‍ഡ് ടി ഫ്ളാറ്റ് പദ്ധതി; സമഗ്ര റിപ്പോർട്ട് ആവശ്യപ്പെട്ട് കോടതി
1484455
Thursday, December 5, 2024 3:27 AM IST
കൊച്ചി: പണിതീരാത്ത മുല്ലശേരി കനാല്‍ പദ്ധതിയും ചോര്‍ന്നൊലിക്കുന്ന പി ആന്‍ഡ് ടി ഫ്ളാറ്റ് പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. വിഐപികള്‍ താമസിക്കുന്നിടത്തു മാത്രമേ വികസനം നടപ്പാക്കുകയുള്ളോയെന്ന് ജസ്റ്റീസ് ദേവന് രാമചന്ദ്രന് ചോദിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പിന്നാലെ നിന്നിട്ടും ഭരണനിര്‍വഹണ സംവിധാനം സഹകരിക്കാത്ത അവസ്ഥയാണ്. ഈ പദ്ധതികളുടെ കാര്യത്തില്‍ ജില്ലാ കളക്ടര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും രണ്ടാഴ്ചയ്ക്കകം സമഗ്ര റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
മാസങ്ങള്‍ക്കകം പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞ മുല്ലശേരി കനാല്‍ നവീകരണം വര്‍ഷങ്ങളായിട്ടും ഇഴയുകയാണ്. എന്താണ് ചെയ്യേണ്ടതെന്ന് എന്‍ജിനീയര്‍മാര്‍ക്ക് പോലും ധാരണയില്ലാത്ത അവസ്ഥ. പൈപ്പിടാനായി മേഖലയിലെ റോഡുകള്‍കൂടി കുത്തിപ്പൊളിച്ചിട്ടിരിക്കുകയാണ്. ഇതോടെ ഇവിടുത്തെ താമസക്കാര്‍ കൂടുതല്‍ ദുരിതത്തിലായി.
കലുങ്കുകള്ക്കടിയിലെ മാലിന്യം നീക്കാനോ പുതുക്കിപ്പണിയാനോ റെയില്‍വേയും തയാറാകുന്നില്ല. ജനങ്ങളാകട്ടെ പ്ലാസ്റ്റിക് കുപ്പികളടക്കം തോന്നുംപടി വലിച്ചെറിയുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ഡിസംബറില്പോലും കനത്ത മഴയുണ്ടാകുന്ന ഇക്കാലത്ത് മുല്ലശേരി കനാല്‍ ഇല്ലെങ്കില്‍ കൊച്ചി മുങ്ങുമെന്ന് എല്ലാവരും ഓര്‍മിക്കണമെന്നും കോടതി പറഞ്ഞു.
പി ആന്‍ഡ് ടി കോളനിയിലെ താമസക്കാരെ പുനരധിവസിപ്പിക്കാന്‍ പൂതുതായി നിര്‍മിച്ച ഫ്ളാറ്റ് ചോര്‍ന്നൊലിക്കുന്നതില്‍ കോടതി ജിസിഡിഎയോട് വിശദീകരണം തേടി.