പ്രതിഷേധം ‘പിശകി'യപ്പോൾ പിൻമാറ്റം
1484195
Wednesday, December 4, 2024 3:56 AM IST
ആലുവ: തെരുവുനായ സംരക്ഷണത്തിന് പണം നൽകുന്ന കൊല്ലം സ്വദേശിക്കെതിരേ പീഡന പരാതിയിൽ കള്ളക്കേസെടുത്തതായി തെറ്റിദ്ധരിച്ച് കളമശേരി, എടത്തല പോലീസ് സ്റ്റേഷനുകൾക്ക് മുന്നിൽ തെരുവുനായ സംരക്ഷണ പ്രവർത്തകരുടെ പ്രതിഷേധം. ഒടുവിൽ, പീഡന പരാതി ഇല്ലെന്നറിഞ്ഞപ്പോൾ പ്രതിഷേധക്കാർ പിരിഞ്ഞുപോയി.
ഇന്നലെ രാവിലെയാണ് ആദ്യം കളമശേരിയിലും പിന്നീട് എടത്തലയിലും പ്രവർത്തകർ സമരം നടത്തിയത്. കൊല്ലം സ്വദേശിയെ ഒരു സ്ത്രീ ഫോണിൽ വിളിച്ച് പീഡന പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.
ഇദ്ദേഹത്തിന് എസ്ഐ എന്ന് പരിചയപ്പെടുത്തി മറ്റൊരു ഫോൺ കോളും വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കളമശേരിയിലാണ് ആദ്യം പ്ലക്കാർഡുകളുമായി പ്രതിഷേധക്കാർ എത്തിയത്.
മിണ്ടാപ്രാണികളുടെ സംരക്ഷകനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച കളമശേരി എസ്ഐ നീതി പാലിക്കുക' എന്ന പ്ലക്കാർഡുകളും കൈയിലേന്തിയിരുന്നു. സ്ത്രീകളും കുട്ടികളും യുവാക്കളുമടങ്ങുന്ന നൂറിലേറെ പേർ അതേ പ്ലക്കാർഡുകളുമായി പിന്നീട് എടത്തല പോലീസ് സ്റ്റേഷനിലേക്കും എത്തി.
‘ടോമി' അനിമൽ വെൽഫെയർ ട്രസ്റ്റ് കോർഡിനേറ്റർ എം.എസ്. സുനിതയുടെ നേതൃത്വത്തിലാണ്സമരം നടത്തിയത്. ഉടമകളില്ലാത്ത നായകളെ സംരക്ഷിക്കുന്നവർക്കാവശ്യമായ സാമ്പത്തിക സഹായം നൽകുന്നയാളാണ് കൊല്ലം സ്വദേശി.
ഭീഷണി ഫോൺ വിളി വന്നതോടെ ഇദ്ദേഹം തെരുവുനായകളെ സംരക്ഷിക്കുന്ന മറ്റുള്ളവർക്കും പണം നൽകുന്നത് നിർത്തി. ഇങ്ങനെ ദുരിതത്തിലായവരാണ് ഇന്നലെ സ്റ്റേഷനുകൾക്ക് മുന്നിൽ സമരം നടത്തിയത്.