"പട്ടാളപ്പുഴു' ഹിറ്റ്
1484191
Wednesday, December 4, 2024 3:56 AM IST
കൊച്ചി: ബ്രഹ്മപുരത്ത് ജൈവ മാലിന്യ സംസ്കരണത്തിന് താത്കാലികാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ ബ്ലാക്ക് സോള്‍ജിയര്‍ ഫ്ലൈ(പട്ടാളപ്പുഴു) വേസ്റ്റ് മാനേജ്മെന്റ് സംവിധാനം വിജയകരമായതോടെ പ്രവര്‍ത്തന ശേഷി ഇരട്ടിയാക്കാനൊരുങ്ങി കോര്പറേഷന്. നിലവില്‍ 25 ടണ്‍ മാലിന്യമാണ് പട്ടാളപ്പുഴു സംവിധാനത്തിലൂടെ സംസ്കരിക്കുന്നത്. ഇത് 50 ടണ്ണായി വര്‍ധിപ്പിക്കാനാണ് നീക്കം. ഇതു സംബന്ധിച്ച് അജണ്ട ഇന്നും നാളെയുമായി ചേരുന്ന കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. അംഗീകാരം ലഭിച്ചാല്‍ അടുത്ത ദിവസം മുതല്‍ 50 ടണ്‍ മാലിന്യം സംസ്കരിക്കുന്ന നിലയില്‍ സംവിധാനം ക്രമപ്പെടുത്തും.
ബിപിസിഎല്ലിന്റെ ബയോ സിഎന്‍ജി പ്ലാന്റ് യാഥാര്‍ഥ്യമാകുന്നതു വരെ മാലിന്യം സംസ്കരിക്കുന്നതിന് പരീക്ഷണാടിസ്ഥാനത്തിലാണ് വിദേശ രാജ്യങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച പട്ടാളപ്പുഴു പദ്ധതി കൊച്ചിയിലും നടപ്പാക്കുന്നത്. ഫാബ്കോ ബയോ സൈക്കിള്‍ ആന്‍ഡ് ബയോ പ്രോട്ടീന്‍ ടെക്നോളജി എന്ന സ്ഥാപനമാണ് കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. 2023 ആഗസ്റ്റില്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ 25 ടണ്‍ വീതം സംസ്കരിക്കാനാണ് കരാര്‍ നല്‍കിയത്. പദ്ധതി വിജയിച്ചാല്‍ അളവു കൂട്ടുമെന്നും കരാറില്‍ വ്യവസ്ഥ വച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ മാലിന്യം സംസ്കരിക്കാനുള്ള അനുമതി ആവശ്യപ്പെട്ട് കോര്‍പറേഷനെ സമീപിച്ചത്.
സംസ്കരണ ശേഷി വര്‍ധിപ്പിക്കുന്നതിനു മുന്‍പായി കരാര്‍ കമ്പനിയുടെ പ്രവര്‍ത്തനം പഠിച്ച് വിലയിരുത്തുന്നതിനായി കോര്പറേഷന് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഹെല്‍ത്ത് ഓഫീസര്‍ ബ്രഹ്മപുരത്ത് നേരിട്ടെത്തി നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ മാലിന്യം സംസ്കരിക്കുന്നതിന് കരാര്‍ കമ്പനിക്ക് അനുമതി നല്‍കാമെന്ന് സെക്രട്ടറിക്കുവേണ്ടി റിപ്പോര്‍ട്ട് നല്കി. ഇതുകൂടി പരിഗണിച്ചാണ് ഇപ്പോള്‍ സംസ്കരണ ശേഷി വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് കോര്പറേഷന് കടന്നത്.
ദിവസേന 100 ടണ്‍ മാലിന്യമാണ് നഗരത്തില്‍ നിന്നും ബ്രഹ്മപുരത്തേക്ക് എത്തുന്നത്. ശേഷി വര്‍ധിപ്പിക്കുന്നതോടെ ദിവസേന ബാക്കി വരുന്ന മാലിന്യത്തിന്റെ അളവില്‍ ഗണ്യമായ കുറവു വരും. ടണ്ണിന് 2498 രൂപ വീതമാണ് കമ്പനിക്ക് കോര്പറേഷന് നല്‍കുന്നത്. സര്‍വസാധാരണമായി കാണുന്ന ഒരിനം ഈച്ചയാണ് ബ്ലാക് സോള്‍ജിയര്‍ ഫ്ലൈ. പട്ടാളപ്പുഴുവിന്റെ പ്രധാന ഭക്ഷണം മാംസവും ജൈവ മാലിന്യവുമാണ്. ഒരു ദിവസം 200 ഗ്രാം മാലിന്യം വരെ ഓരോ പുഴുവും അകത്താക്കും. ഇണ ചേരുന്നതോടെ ആണീച്ചയും മുട്ടയിടുന്നതോടെ പെണ്ണീച്ചയും ചാകും. മുട്ട വിരിഞ്ഞുണ്ടാകുന്ന ലാര്‍വകളാണ് മാലിന്യം തിന്ന് ജൈവ വളമാക്കുന്നത്.
ലാര്‍വയുടെ ആയുസ് 22 ദിവസമാണ്. പ്ലാന്റിലെ ലാബില്‍ വളര്‍ത്തിയെടുക്കുന്ന ലാര്‍വയെ ജൈവമാലിന്യത്തില്‍ കലര്‍ത്തുന്നതോടെ രണ്ടാഴ്ചയ്ക്കുള്ളില്‍ മാലിന്യം വളമായി മാറും. വളം അരിച്ചെടുത്ത് കൃഷിക്ക് ഉപയോഗിക്കാം. വളത്തില്‍ നിന്ന് ലാര്‍വയെ വേര്‍തിരിച്ചെടുത്ത് വേവിച്ച് മൃഗങ്ങള്‍ക്കും കോഴികള്‍ക്കും മത്സ്യങ്ങള്‍ക്കും തീറ്റയായി നല്‍കുകയും ചെയ്യാം.