ക്രിസ്മസ് മരത്തെ പ്രഭയണിയിച്ച് ക്രൗൺ പ്ലാസ; ചടങ്ങിനെ വർണാഭമാക്കി ആശ്വാസഭവനിലെ കുട്ടികൾ
1483503
Sunday, December 1, 2024 5:34 AM IST
മരട്: ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് ക്രൗൺ പ്ലാസ കൊച്ചിയിലെ ക്രിസ്മസ് മരത്തിന് ലൈറ്റ് തെളിയിക്കുന്ന ചടങ്ങ് വർണാഭമായി. മട്ടാഞ്ചേരി ആശ്വാസഭവനിലെ കുട്ടികളായിരുന്നു പ്രത്യേക ക്ഷണിതാക്കളായെത്തിയത്.
ആഴ്ചകൾക്ക് മുൻപ് നടന്ന കേക്ക് മിക്സിംഗ് ചടങ്ങിനിടെ, ക്രൗൺ പ്ലാസ കൊച്ചി ഇക്കൊല്ലം ക്രിസ്മസിന് പുറത്തിറക്കുന്ന പ്ലം കേക്കിന്റെ ഏറ്റവും ആദ്യത്തെ ബാച്ച് ഈ കുട്ടികൾക്ക് നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ആ ഉറപ്പ് ഹോട്ടൽ അധികൃതർ നിറവേറ്റി. ഒപ്പം ഓരോ കുട്ടിക്കും പ്രത്യേക സമ്മാനങ്ങൾ കൂടി നൽകി.
സാമൂഹിക സംരംഭക ലക്ഷ്മി മേനോനും നടിയും മോഡലുമായ റിതു മന്ത്രയും ചേർന്ന് ക്രിസ്തുമസ് മരത്തിലെ വർണസംവിധാനം സ്വിച്ച് ഓൺ ചെയ്തു. പരിപാടിയോടനുബന്ധിച്ച് കേക്കിന്റെ വില്പനയും സംഘടിപ്പിച്ചിരുന്നു.
അതിൽ നിന്നുള്ള വരുമാനത്തിന്റെ 10 ശതമാനം ആശ്വാസ ഭവൻ അനാഥാലയത്തിന് കൈമാറുമെന്ന് ക്രൗൺ പ്ലാസ കൊച്ചി അധികൃതർ അറിയിച്ചു. ജെംസ് മോഡേൺ അക്കാദമിയിലെ കുട്ടികളുടെ മനോഹരമായ ക്വയർ ഗാനാലാപനവും തുടർന്ന് ജിഞ്ചർബ്രഡ് ഹൗസ്, പുഷ്പാലംകൃത ക്രിസ്മസ് റീത്ത് നിർമാണം, തുടങ്ങി ക്രിസ്മസ് പാരമ്പര്യത്തോടനുബന്ധിച്ചുള്ള നിരവധി ആഘോഷപരിപാടികളും ഹോട്ടലിൽ നടന്നു.