കാവുംപടിയിൽ തകർന്നുകിടന്ന ഓടയുടെ സ്ലാബുകൾ മാറ്റിത്തുടങ്ങി
1461377
Wednesday, October 16, 2024 3:51 AM IST
മൂവാറ്റുപുഴ: ഏറെ നാളുകളായി കാവുംപടി റോഡിൽ തകർന്നു കിടന്നിരുന്ന ഓടയുടെ സ്ലാബുകൾ മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. കാൽനട യാത്രക്കാർക്കും വാഹന യാത്രക്കാർക്കും അപകട ഭീഷണി ഉയർത്തിയിരുന്ന പഴക്കം ചെന്ന സ്ലാബുകളാണ് നീക്കം ചെയ്ത് പുതിയത് സ്ഥാപിക്കുന്നത്.
നഗരസഭയുടെ 22-ാം വാർഡിൽ ഉൾപ്പെടുന്നതാണ് നഗരത്തിലെ പ്രധാന ബൈപ്പാസായി ഉപയോഗിക്കുന്ന കാവുംപടി റോഡ്. എന്നാൽ റോഡിന്റെ ഇരുവശങ്ങളിലുമുള്ള ഒട്ടുമിക്ക സ്ലാബുകളും തകർന്ന നിലയിലാണ്. മൂന്ന് സ്കൂളുകളും ആരാധനാലയങ്ങളുമുള്ള പ്രദേശത്തെ സ്ലാബുകൾ തകർന്നു കിടക്കുന്നത് വലിയ അപകട ഭീഷണിയാണ് ഉയർത്തിയിരുന്നത്.
കുരുന്നുകൾ അടക്കം നിരവധിയാളുകൾ കാൽനടയായി യാത്ര ചെയ്യുന്ന ഇവിടെ അപകട സാധ്യത വർധിച്ചിട്ടും അധികൃതർ നടപടി സ്വീകരിക്കാതായതോടെ കാവുംപടി സെന്റ് മേരീസ് കപ്പേളക്ക് എതിർവശം അധികൃതരുടെ ശ്രദ്ധയ്ക്ക് എന്ന അപായ സൂചന ബോർഡും പ്രത്യക്ഷപ്പെട്ടിരുന്നു.
തുടർന്ന് നഗരസഭാംഗം രാജശ്രീ രാജുവിന്റെ നേതൃത്വത്തിൽ പിഡബ്ല്യുഡി അധികൃതർക്ക് നൽകിയ പരാതിയെ തുടർന്നാണ് സ്ലാബുകൾ മാറ്റി സ്ഥാപിക്കാൻ നടപടിയായത്. കാവുംപടി റോഡ് ടാർ ചെയ്യുന്നതും സ്ലാബുകൾ മാറ്റുന്നതും ഉൾപ്പെടെ നാലോളം ആവശ്യങ്ങൾ ഉയർത്തി നൽകിയ പരാതിയിലാണ് നടപടിയായിരിക്കുന്നതെന്ന് രാജശ്രീ രാജു പറഞ്ഞു.
കച്ചേരിത്താഴത്തുനിന്നു തൊടുപുഴ ഭാഗത്തേക്കും ആരക്കുഴ റോഡിലേക്കും പോകേണ്ട വാഹനങ്ങൾ പ്രധാന റോഡിൽ പ്രവേശിക്കാതെ കടന്നുപോകാൻ ആശ്രയിക്കുന്നത് കാവുംപടി റോഡിനെയാണ്. നഗരത്തിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്പോൾ വാഹനങ്ങൾ നിയന്ത്രിക്കുന്നതും ഇതേ റോഡിലൂടെ തന്നെയാണ്.