കാറിടിച്ച കേസ്: ശ്രീനാഥ് ഭാസിക്കൊപ്പം ഉണ്ടായിരുന്നവരെ കേന്ദ്രീകരിച്ച് അന്വേഷണം
1461357
Wednesday, October 16, 2024 3:29 AM IST
കൊച്ചി: വാഹനമിടിച്ചിട്ട ശേഷം നടന് ശ്രീനാഥ് ഭാസി നിര്‍ത്താതെ പോയെന്ന കേസില്‍ നടനൊപ്പം കാറിലുണ്ടായിരുന്നവരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം എട്ടിന് പാര്‍ക്ക് അവന്യു റോഡിലാണ് ശ്രീനാഥ് ഭാസി ഓടിച്ച കാര്‍ മട്ടാഞ്ചേരി പനയപ്പിള്ളി സ്വദേശി മുഹമ്മദ് ഫഹീമിന്റെ ബൈക്കില്‍ ഇടിച്ചത്. എതിര്‍ദിശയില്‍ വന്ന ശ്രീനാഥ് ഭാസിയുടെ വാഹനം ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിച്ച ശേഷം കാർ നിറുത്താതെ പോയി.
അപകടത്തില്‍ റോഡിലേക്ക് തെറിച്ചുവീണ യുവാവിന്റെ വലതുകാലിന് പരിക്കേറ്റിരുന്നു. മറ്റ് യാത്രികര്‍ ചേര്‍ന്നാണ് ഫഹീമിനെ ആശുപത്രിയില്‍ എത്തിച്ചത്. കാറിന്റെ മിറര്‍ സംഭവസ്ഥലത്തുനിന്നു ലഭിച്ചിരുന്നു. തുടരന്വേഷണത്തിലാണ് കാര്‍ ഓടിച്ചിരുന്നത് ശ്രീനാഥ് ഭാസിയാണെന്ന് കണ്ടെത്തിയത്. ഹമീമിന്റെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് കഴിഞ്ഞ ദിവസം നടനെ അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.