വാളറ ആറാംമൈലിന് സമീപം കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് പത്തോളം പേര്‍ക്ക് പരിക്ക്
1461348
Wednesday, October 16, 2024 3:29 AM IST
കോതമംഗലം: കൊച്ചി-ധനുഷ്ക്കോടി ദേശീയപാതയിൽ വാളറ ആറാംമൈലിന് സമീപം വാഹനാപകടം. കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം സംഭവിച്ചത്. ഈരാറ്റുപേട്ട കണ്ടത്തിൽ മനു ജോസഫ് (43), കോട്ടയം പണായിൽ അരവിന്ദ് അജി (29), കൊട്ടാരക്കര ലളിതഭവൻ ജിമ്മി ശശിധരൻ (46), കോട്ടയം അപ്പോളിൻ കെസിയ ടി. മീന (25), ബസ് കണ്ടക്ടർ കൊല്ലം രഞ്ജുഭവൻ മദുസൂദനൻ പിള്ള (46), ഡ്രൈവർ തൊടുപുഴ ചൂരവേലിൽ സി.എ. ലത്തിഫ് (42) എന്നിവരെ കോതമംഗലം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിലും
ഏറ്റുമാനൂർ കുഴിക്കാട്ടിൽ ഷാലി ബാബുവിനെ (54) കോതമംലം സെന്റ് ജോസഫ് (ധർമ്മഗിരി) ആശുപത്രിയിലും പ്രവേശിപ്പിച്ചു. തൊടുപുഴ മടക്കത്താനം പുതിയേടത്ത് ജോബിക ജോയിയെ (33) കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രുഷനൽകിയ ശേഷം കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
മൂന്നാറിൽനിന്നു അടൂരിന് പോകുകയായിരുന്ന ബസാണ് വാളറ ആറാംമൈലിന് സമീപത്ത് അപകടത്തിൽപ്പെട്ടത്. മറിഞ്ഞ ബസ് മരത്തിൽ തങ്ങിനിന്നതിനാൽ കൂടുതൽ താഴേക്ക് പതിക്കുന്നത് ഒഴിവായി. അപകടം നടന്ന ഉടനെ പ്രദേശവാസികളുടെയും പോലീസിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ യാത്രക്കാരെ പുറത്തെത്തിച്ചു.
വളവോടു കൂടിയ ഇറക്കത്തിൽ എതിരെ വന്ന ടൂറിസ്റ്റ് ബസിന് സൈഡ് കൊടുക്കുന്നതിനിടെ ബ്രേക്ക് ചെയ്തപ്പോൾ തെന്നിമാറിയതാണ് അപകട കാരണമെന്ന് കോതമംഗലത്ത് ചികിത്സയിൽ കഴിയുന്ന ഡ്രൈവർ തൊടുപുഴ സ്വദേശി സി.എ. ലത്തിഫ് പറഞ്ഞു.