മിനി സിവിൽ സ്റ്റേഷനിലെ ലിഫ്റ്റിൽ കുടുങ്ങിയയാളെ അഗ്നിരക്ഷാസേന രക്ഷിച്ചു
1460877
Monday, October 14, 2024 3:51 AM IST
ആലുവ: അദാലത്ത് മാറ്റിയതറിയാതെ ആലുവ മിനി സിവിൽ സ്റ്റേഷനിൽ എത്തിയ റിട്ടയേർഡ് എയർപോർട്ട് ഉദ്യോഗസ്ഥൻ ലിഫ്റ്റിൽ കുടുങ്ങി. ശ്രീമൂലനഗരം സ്വദേശി ജോർജ് സി. കൂട്ടാല (72)യാണ് ലിഫ്റ്റിന്റെ രണ്ടാം നിലയിൽ കുടുങ്ങിയത്. ഇന്നലെ രാവിലെ 9.30ഓടെയായിരുന്നു സംഭവം.
ഒന്നേകാൽ മണിക്കൂറിന് ശേഷം അഗ്നിരക്ഷാ സേനയെത്തി ലിഫ്റ്റ് തുറന്ന് ജോർജിനെ സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു. മറ്റു ശാരീരികബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടായിരുന്നില്ലെന്ന് പോലീസ് അറിയിച്ചു.
ജോർജ് ലിഫ്റ്റിൽ കയറിയ ഉടൻ കറന്റ് പോയി. ഒരു മണിക്കൂർ കഴിഞ്ഞിട്ടും ലിഫ്റ്റ് പ്രവർത്തിക്കാത്തതിനാൽ മൊബൈൽ ഫോൺ ഉപയോഗിച്ച് കൺട്രോൾ റൂമിലേക്ക് വിളിച്ചു.
10.45ഓടെ പോലീസും അഗ്നിരക്ഷാ സേനയും സിവിൽ സ്റ്റേഷനിലെത്തി. അദാലത്തിന്റെ തീയതി മാറ്റിയതിനാലാണ് അവധി ദിവസമാണെന്ന് ഓർക്കാതെ ജോർജ് സിവിൽ സ്റ്റേഷനിലെത്തിയത്.
സിവിൽ സ്റ്റേഷനിലെ കേടായ ലിഫ്റ്റ് അടുത്ത കാലത്താണ് പ്രവർത്തനക്ഷമമാക്കിയത്. പല കാരണങ്ങളാൽ ലിഫ്റ്റ് നിന്നു പോകുന്നത് സിവിൽ സ്റ്റേഷനിൽ പതിവാണ്.